വാറൻ ബഫറ്റിന് സ്വർണത്തോട് ഒട്ടും താല്‍പര്യമില്ല: കാരണമുണ്ട്; പക്ഷെ കഴിഞ്ഞ 15 വർഷത്തെ കണക്ക് ഞെട്ടിക്കുന്നത്
പലർക്കും സ്വർണം ഏറെ പ്രിയപ്പെട്ട നിക്ഷേപമാർഗ്ഗമാണ്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. നമ്മളെ സംബന്ധിച്ചിടത്തോളം സ്വർണം എന്നത് കേവലം നിക്ഷേപം എന്നതിന് അപ്പുറം സാംസ്കാരികമായി തന്നെ ഇഴചേർന്ന് കിടക്കുന്ന ഒരു ലോഹമാണ്. അല്‍പം പൈസ കൈയ്യില്‍ വന്നാല്‍ സ്വർണത്തില്‍ നിക്ഷേപിക്കുകയെന്ന പ്രവണത വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ മറുവശത്ത് ലോകത്തെ ഏറ്റവും വിജയകരമായ നിക്ഷേപകൻ എന്ന് അറിയപ്പെടുന്ന വാറൻ ബഫറ്റിന് ഇപ്പോഴും സ്വർണത്തോട് അത്ര താല്‍പര്യം ഇല്ല.
ഇന്ത്യൻ വീടുകളിലേക്ക് വിവാഹത്തിന് സമ്മാനമായോ പാരമ്പര്യമായോ എത്തുന്ന ആഭരണങ്ങളും ദീപാവലിക്കും മറ്റും വാങ്ങുന്ന നാണയങ്ങളും മറ്റും സ്റ്റാറ്റസ് സിംബലായി നിലകൊള്ളുമ്പോൾ ബഫറ്റിന്റെ കണ്ണിൽ ഇത് "ഒന്നും ചെയ്യാതെ കിടക്കുന്ന" ആസ്തി മാത്രമാണ്. "സ്വർണം ആഫ്രിക്കയിലോ മറ്റെവിടെയോ ഭൂമിയിൽനിന്ന് പൊട്ടിച്ചെടുക്കുന്നു, ഉരുക്കി മറ്റൊരു കുഴിയിൽ അടക്കം ചെയ്ത് ആളുകളെ നിർത്തി സൂക്ഷിക്കുന്നു; ഇതിന് യാതൊരു ഉപയോഗവുമില്ല" എന്നാണ് ബഫറ്റിന്‍റെ പ്രശസ്തമായ വിമർശനം.

സ്വർണം ഉൽപ്പാദനക്ഷമമല്ലാത്തതിനാൽ ഡിവിഡന്റോ പലിശയോ നൽകുന്നില്ലെന്നും, ഇത് ആളുകളുടെ വിശ്വാസത്തിൽ മാത്രം ആശ്രയിച്ച് വില കയറുന്ന സെന്റിമെന്റ് ഡ്രിവൺ ആസ്തിയാണെന്നും ബഫറ്റ് വാദിക്കുന്നു. എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലെ പ്രകടനം ബഫറ്റിന്റെ വാദത്തെ തകർത്തിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
ഡോളർ നിലയിൽ ഒരു വർഷത്തിൽ 44 ശതമാനവും അഞ്ച് വർഷത്തിൽ 103.5 ശതമാനവും പത്ത് വർഷത്തിൽ 259 ശതമാനവും വരുമാനം നൽകി സ്വർണം എസ് ആൻഡ് പി 500-നെ മറികടന്നപ്പോൾ, പതിനഞ്ച് വർഷത്തിൽ മാത്രം ഓഹരി 465 ശതമാനവുമായി മുന്നിലെത്തി.രൂപാ നിലയിൽ നിഫ്റ്റി 50-നെതിരെ എല്ലാ കാലയളവിലും സ്വർണം മികച്ചു നിന്നു - ഒരു വർഷത്തിൽ 50 ശതമാനം, അഞ്ച് വർഷത്തിൽ 143 ശതമാനം, പത്ത് വർഷത്തിൽ 355 ശതമാനം, പതിനഞ്ച് വർഷത്തിൽ 550 ശതമാനം വരുമാനം എന്നിങ്ങനെയായിരുന്നു വളർച്ച.
റഷ്യ-ഉക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് പിരിമുറുക്കം, ആഗോള മാന്ദ്യഭീതി, പണപ്പെരുപ്പം, രൂപയുടെ ദുർബലത, കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങൽ തുടങ്ങിയവ 2023-25 കാലയളവിൽ സ്വർണവില ഇരട്ടിയാക്കി. ബഫറ്റ് ഇഷ്ടപ്പെടുന്നത് കോകകോളയോ ആപ്പിളോ പോലുള്ള കമ്പനികളാണ് എന്നതാണ് മറ്റൊരു കാര്യം. അവ ഉൽപ്പന്നം ഉണ്ടാക്കുന്നു, ലാഭം വർധിപ്പിക്കുന്നു, വളരുന്നു.
"സ്റ്റോക്ക് മാർക്കറ്റ് ആക്ടീവ് ആയവരില്‍ നിന്ന് ക്ഷമാശീലരിലേക്ക് പണം മാറ്റാൻ രൂപകൽപ്പന ചെയ്തതാണ്" എന്ന ബഫറ്റിന്റെ വാചകം സ്വർണത്തിനും യോജിക്കുന്നതായി മാറിയിരിക്കുന്നു. ദീർഘകാലം പിടിച്ചുനിന്നവർക്ക് 550 ശതമാനം വരുമാനം ലഭിച്ചു. 'സ്വർണം ഒഴിവാക്കരുത്, പക്ഷേ അതിനെ ആശ്രയിക്കരുത്; പോർട്ട്ഫോളിയോയിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ മതി' എന്ന നിലയില്‍ ബഫറ്റിന്റെ മുന്നറിയിപ്പ് വ്യാഖ്യാനിക്കാമെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications