സ്വര്‍ണം എറിഞ്ഞ് സൗദി വിപണി പിടിക്കാന്‍ ഇന്ത്യ; വസ്ത്രങ്ങളില്‍ യുഎഇ, യുഎസ് നീക്കത്തിന് മുമ്പ്
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി അമേരിക്കയിലേക്കാണ്. അമേരിക്ക ഇന്ത്യക്കെതിരെ 50 ശതമാനം താരിഫ് ചുമത്തിയത് ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ ഇക്കാര്യം നേരത്തെ അറിഞ്ഞതുപോലെയാണ് ഇന്ത്യയുടെ കയറ്റുമതിയിലെ മാറ്റം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായത്.
എന്നാല്‍ ആ വേളയില്‍ തന്നെ ഇന്ത്യയുടെ കയറ്റുമതിയില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവല്‍ക്കരിച്ചു. പതിവ് റൂട്ടുകള്‍ വിട്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങി. ഇതില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലേയും രാജ്യങ്ങളുണ്ട്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് സമുദ്രോല്‍പ്പന്നങ്ങളും തുണിത്തരങ്ങളുമാണ്. അമേരിക്ക അധിക ചുങ്കം ചുമത്തുമ്പോള്‍ പ്രതിസന്ധിയിലാകുക ഈ രണ്ട് മേഖലയാണ്. കൂടാതെ സ്വര്‍ണം-വജ്ര ആഭരണങ്ങളും അനുബന്ധ കയറ്റുമതിയും. ഇവ കയറ്റി അയക്കാന്‍ മറ്റുരാജ്യങ്ങളിലെ വിപണി ഇന്ത്യ കണ്ടെത്തി.
അമേരിക്കയിലേക്കുള്ള കയറ്റുമതി പൂര്‍ണമായും നിര്‍ത്തിയാലും ഇനി പ്രശ്‌നമില്ല എന്ന് ഇതിന് അര്‍ഥമില്ല. എങ്കിലും അമേരിക്കയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലാകുമ്പോള്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് മാത്രം. ഇപ്പോഴും അമേരിക്കയിലേക്ക് തന്നെയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി. എന്നാല്‍ ജൂണിന് ശേഷം കയറ്റുമതിയില്‍ വലിയ കുറവ് വന്നിട്ടുണ്ട്.
ഇന്ത്യ ട്രാക്ക് മാറ്റി- സൗദി അറേബ്യ, യുഎഇ, വിയറ്റ്‌നാം...
ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി 15.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതി 1.44 ബില്യണ്‍ ഡോളറിന്റേതാണ്. ബാക്കി 3.40 ബില്യണ്‍ ഡോളര്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് സമ്പാദിച്ചു. വിയറ്റ്‌നാമിലേക്കുള്ള കയറ്റുമതി നൂറ് ശതമാനം വര്‍ധിച്ചു. ബെല്‍ജിയത്തിലേക്ക് 73 ശതമാനവും തായ്‌ലാന്റിലേക്ക് 54 ശതമാനവും കയറ്റുമതി കൂടി.
ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 10 ശതമാനം വര്‍ധിച്ചു. മലേഷ്യയിലേക്ക് 64 ശതമാനവും ജപ്പാനിലേക്ക് 10 ശതമാനവും കയറ്റുമതി കൂടിയിട്ടുണ്ട്. വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ നൈജീരിയ, പെറു എന്നീ രാജ്യങ്ങളിലെ വിപണി കൂടി പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്തത് യുഎഇയിലേക്കാണ്. നെതര്‍ലാന്റ്‌സ് 11.8 ശതമാനം, പോളണ്ട് 24 ശതമാനം, സ്‌പെയിന്‍ 9 ശതമാനം, ഈജിപ്ത് 24 ശതമാനം എന്നീ രാജ്യങ്ങളിലെ വിപണിയിലും ഇന്ത്യ ശക്തമായ സാന്നിധ്യമറിയിച്ചു.
സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങളുടെ കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചു. ആഭരണങ്ങളുടെ കൂടുതല്‍ കയറ്റുമതി യുഎഇയിലേക്കാണ്. ദക്ഷിണ കൊറിയ 134 ശതമാനം, സൗദി അറേബ്യ 68 ശതമാനം, കാനഡ 41 ശതമാനം എന്നിവയും ഇന്ത്യയുടെ പ്രധാന ആഭരണ കയറ്റുമതി വിപണികളായി മാറി. സൗദിയിലേക്ക് ആഭരണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications