സ്വർണ വില തകർന്നടിഞ്ഞു; 10 ദിവസത്തിനിടെ കുറഞ്ഞത് 59,300 രൂപ വരെ..ഇനിയും കുറയും?
ഇന്ത്യയിൽ സ്വർണവില തുടർച്ചയായ പത്താം ദിവസവും താഴ്ന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ വിലയിടിവോടെ കഴിഞ്ഞ 10 ദിവസത്തിനിടെ 24 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് ഏകദേശം 59,300 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ റെക്കോർഡ് ഉയരങ്ങളിലെത്തിയ സ്വർണം ഇപ്പോൾ തിരുത്തലിന്റെ പാതയിലാണ്.
തിങ്കളാഴ്ച മാത്രം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 104 രൂപയും 22 കാരറ്റിന് 95 രൂപയും കുറഞ്ഞു. രാജ്യത്തെ സ്വർണവിപണിയിൽ സമീപകാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവുകളിലൊന്നാണിത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അമേരിക്കയിൽ പുറത്തുവന്ന തൊഴിൽ കണക്കുകളാണ് സ്വർണവിലയെ പ്രധാനമായും ബാധിച്ചത്. അമേരിക്കൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയിലാണെന്ന സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നത്. ഇതോടെ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തൽ ശക്തമായി. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ സ്വർണം പോലുള്ള ആസ്തികളിലേക്കുള്ള നിക്ഷേപകരുടെ താൽപര്യം കുറയുകയും കൂടുതൽ വരുമാനം നൽകുന്ന നിക്ഷേപ മാർഗങ്ങളിലേക്ക് പണം ഒഴുകുകയും ചെയ്യുന്നു.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. മേഖലയിൽ തുടരുന്ന സംഘർഷം ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് സ്വർണത്തിന് പിന്തുണ നൽകുന്നില്ലെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ആഗോള ബുള്ളിയൻ വിപണിയിൽ വിൽപ്പന സമ്മർദം ശക്തമായതും വിലയെ താഴേക്ക് വലിക്കുകയാണ്.
സ്വർണത്തിനൊപ്പം വെള്ളി വിലയും സമ്മർദത്തിലാണ്. അന്താരാഷ്ട്ര ചരക്ക് വിപണികളിലെ ദുർബലത വെള്ളിയെയും ബാധിച്ചിട്ടുണ്ട്. രണ്ട് വിലപിടിപ്പുള്ള ലോഹങ്ങളുടെയും വില ഒരേസമയം താഴുന്നത് നിക്ഷേപകരെ കൂടുതൽ ജാഗ്രതയിലാക്കിയിരിക്കുകയാണ്.
ഇന്നത്തെ സ്വർണവില
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,169 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 1,21,352 രൂപയും 10 ഗ്രാമിന് 1,51,690 രൂപയുമാണ് നിരക്ക്. 100 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 15,16,900 രൂപയായി. മുൻ ദിവസത്തേക്കാൾ 10,400 രൂപയുടെ കുറവാണിത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില. 8 ഗ്രാമിന് 1,11,240 രൂപയും 10 ഗ്രാമിന് 1,39,050 രൂപയുമാണ് നിരക്ക്. 100 ഗ്രാമിന് 13,90,500 രൂപയാണ് വില. ഒരു ദിവസംകൊണ്ട് 9,500 രൂപയാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിനും ഇടിവ് തുടരുകയാണ്. ഗ്രാമിന് 11,377 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 91,016 രൂപയും 10 ഗ്രാമിന് 1,13,770 രൂപയുമാണ് വില. 100 ഗ്രാമിന് 11,37,700 രൂപയാണ് നിരക്ക്. മുൻ ദിവസത്തെ അപേക്ഷിച്ച് 7,800 രൂപയുടെ കുറവാണിത്.
വിപണിയിലെ സാങ്കേതിക സൂചികകളും ഇപ്പോഴും സ്വർണത്തിന് മേൽ സമ്മർദം തുടരുന്നതായാണ് സൂചിപ്പിക്കുന്നത്. അതിനാൽ അടുത്ത ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ. എന്നാൽ ഉയർന്ന വില കാരണം വാങ്ങൽ മാറ്റിവെച്ചിരുന്നവർക്ക് നിലവിലെ ഇടിവ് ഒരു അവസരമായി മാറുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.












Click it and Unblock the Notifications