സ്വർണത്തില്‍ വന്‍ തട്ടിപ്പ്: 941 കോടിയുടെ അഴിമതി; 6 ജ്വല്ലറികള്‍ 2170 കിലോഗ്രാം സ്വർണം തരം മാറ്റി
ചെന്നൈ: ചെന്നൈയില്‍ ജ്വല്ലറികള്‍ സ്വർണ ഇടപാടില്‍ നടത്തിയ തട്ടിപ്പില്‍ അന്വേഷണം ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജന്‍സി. 2020 നും 2022 നും ഇടയിൽ ദുബായിലേക്കും മലേഷ്യയിലേക്കും സ്വർണ്ണാഭരണങ്ങൾ കയറ്റുമതി ചെയ്യാനെന്ന വ്യാജേന ചെന്നൈയിലെ ആറ് ജ്വല്ലറികൾ ചേർന്ന് ഏകദേശം 2170 കിലോഗ്രാം സ്വർണം വകമാറ്റിയതില്‍ 941 കോടിയുടെ അഴിമതി നടന്നുവെന്നാണ് അഴിമതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചെന്നൈ കസ്റ്റംസും കണ്ടെത്തിയത്.
കയറ്റുമതിക്കാരായി രജിസ്റ്റർ ചെയ്ത ശേഷം, കയറ്റുമതിക്കായി സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്ന കരാർ പ്രകാരം, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ആർബിഐ നാമനിർദ്ദേശം ചെയ്ത ഏജൻസികളിൽ നിന്ന് ആയിരക്കണക്കിന് കിലോഗ്രാം ഇറക്കുമതി ചെയ്ത തീരുവ രഹിത സ്വർണ്ണക്കട്ടികൾ ജ്വല്ലറികള്‍ സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ ആഭരണങ്ങൾ നിർമ്മിക്കാൻ ഇത്തരത്തില്‍ വാങ്ങിയ സ്വർണ്ണത്തിന്റെ പത്ത് ശതമാനം മാത്രമായിരുന്നു ഉപയോഗിച്ചത്. ബാക്കിയുള്ളത് നിയമപരമല്ലാത്ത നിലയില്‍ വിറ്റഴിക്കുകയായിരുന്നു. നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾ 22 കാരറ്റ് ആണെന്ന് തെറ്റായി പ്രഖ്യാപിച്ച് കയറ്റുമതി ചെയ്തതായും ചെന്നൈ എയർ കാർഗോ കോംപ്ലക്സ് പ്രിൻസിപ്പൽ കസ്റ്റംസ് കമ്മീഷണർ എം. മാത്യു ജോളി, 2023 ജനുവരിയിലും 2024 സെപ്റ്റംബറിലും സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നുമുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം ഉദ്യോഗസ്ഥർ ക്ലിയറൻസിനായി വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമുണ്ട്. മുംബൈ, കൊൽക്കത്ത, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലെ നിരവധി ആഭരണ നിർമ്മാതാക്കളെയും തട്ടിപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. ആറ് കയറ്റുമതിക്കാർ 2,507 കിലോഗ്രാം ശുദ്ധ സ്വർണ്ണം സംഭരിച്ചെങ്കിലും 337.02 കിലോഗ്രാം മാത്രമാണ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചതെന്നും 941 കോടി രൂപ വിലമതിക്കുന്ന 2,170 കിലോഗ്രാം കരിഞ്ചന്തയിലേക്ക് വഴിതിരിച്ചുവിട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി.
ആറ് ജ്വല്ലറികൾക്ക് പുറമേ, നിരവധി നിർമ്മാതാക്കൾ, ഏതാനും കസ്റ്റംസ് ഉദ്യോഗസ്ഥർ, ചരക്കുകൾ കൈകാര്യം ചെയ്ത ലോജിസ്റ്റിക്സ് സ്ഥാപനം, ഒരു ഉന്നത സ്വകാര്യ മേഖല ബാങ്ക്, ഒരു പ്രധാന പൊതുമേഖലാ സർക്കാർ ഏജൻസി എന്നിവരും തട്ടിപ്പിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. 2022 ജനുവരിയിൽ, ചെന്നൈ എയർ കാർഗോ കോംപ്ലക്സിൽ 22 കാരറ്റ് സ്വർണ്ണാഭരണങ്ങള്‍ എന്ന ലേബലില്‍ ദുബായിലേക്ക് പോകുന്ന ഒരു ചരക്ക് പരിശോധിച്ചപ്പോഴാണ് ഡിആർഐ ഉദ്യോഗസ്ഥർ തട്ടിപ്പ് കണ്ടെത്തുന്നത്.
ശാസ്ത്രീയ പരിശോധനയിൽ, കയറ്റുമതി ചെയ്യപ്പെട്ട "സ്വർണാഭരണങ്ങൾ" 90% പിച്ചള ഉപയോഗിച്ച് നിർമിച്ച വ്യാജ ആഭരണങ്ങളാണെന്ന് കണ്ടെത്തി. ആഭരണങ്ങൾ എക്സ്-റേ സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ സ്വർണത്തിന്റെ പുറം പാളി മാത്രം കാണിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ടതിനാല്‍ കസ്റ്റംസ് പരിശോധനയില്‍ ഏറെനാള്‍ ഇത് പിടിക്കപ്പെട്ടിരുന്നില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി ബി ഐ ഉദ്യോഗസ്ഥർ ചെന്നൈ വിമാനത്താവളത്തിലെ കാർഗോ മേഖല, ലോജിസ്റ്റിക്സ് കമ്പനികളുടെ ഓഫീസുകൾ, ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വസതികൾ, സൗകാർപേട്ടിലെ സ്വർണ വ്യാപാരികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ വലിയ രീതിയിലുള്ള പരിശോധനകളും നടന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ 10 കിലോഗ്രാം വ്യാജ സ്വർണം കടത്തുന്നതിന് 3 മുതൽ 5 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതായി അന്വേഷണം വെളിവാക്കി. ചില ഉദ്യോഗസ്ഥർ, ഡ്യൂട്ടി ഷെഡ്യൂളിൽ ഇല്ലാതിരുന്നിട്ടും, നിയുക്ത ഉദ്യോഗസ്ഥരെ അറിയിക്കാതെ കയറ്റുമതി അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
ആഭരണ നിർമാണത്തിനായി ഇറക്കുമതി ചെയ്ത സ്വർണം കൊൽക്കത്ത, മുംബൈ, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലെ നിർമാതാക്കൾക്ക് അയച്ചതായി കാണിക്കാൻ വലിയ തോതില്‍ വ്യാജ രേഖകളും സൃഷ്ടിച്ചു. ഡിആർഐ-യുടെ അന്വേഷണത്തിൽ, ഈ സ്വർണം ഒരിക്കലും ഈ നഗരങ്ങളിലേക്ക് അയച്ചിട്ടില്ലെന്ന് വ്യക്തമായി. വ്യാജ റെയിൽവേ ടിക്കറ്റുകളും കൊറിയർ വൗച്ചറുകളും ഉപയോഗിച്ച് സ്വർണം കൊണ്ടുപോയതായി ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇതും അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications