ഗൂഗിള്‍ മാപ്പ് ഒരുക്കുന്ന 'ചതിക്കുഴികള്‍' തുടർക്കഥ: ബറേലിയില്‍ 3 യുവാക്കള്‍ മരിച്ചതില്‍ ഗൂഗിള്‍ അന്വേഷണം
ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്തവർ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി ഗൂഗിള്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ ഉത്തർപ്രദേശിലെ ബറേലിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പിന്റെ നിർദേശം അനുസരിച്ച് മുന്നോട്ട് പോയ കാർ നിർമാണം പൂർത്തിയാകാത്ത പാലത്തില്‍ നിന്നും നദിയിലേക്ക് വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ തകർന്ന പാലത്തിലൂടെ സഞ്ചരിക്കാന്‍ ഗൂഗിള്‍ മാപ്പ് നിർദേശം നല്‍കിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. പാലം അപകടത്തിലാണെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരുന്നുമില്ല. മൂന്ന് യുവാക്കളുടെ ദാരുണാന്ത്യം വലിയ വാർത്തയായതോടെ വിഷയം അന്വേഷിക്കാന്‍ ഗൂഗിള്‍ തീരുമാനിക്കുകയായിരുന്നു. 'കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രശ്നം കണ്ടെത്താൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്.' ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

അപകടമരണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടക്കുന്നുണ്ട്. ഗൂഗിൾ ഉദ്യോഗസ്ഥർ, മരാമത്ത് വകുപ്പ് എന്നിവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വെള്ളപ്പൊക്കത്തില്‍ നേരത്തെ പാലത്തിന്റെ ഒരുഭാഗം ഒലിച്ച് പോയിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ഈ വിവരം അപ്ഡേറ്റ് ചെയ്തിരുന്നില്ല. പാലം അപകടത്തിലാണെന്ന തരത്തിലുള്ള മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമായി. സംഭവത്തില്‍ പി ഡബ്ല്യൂഡി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുന്നവർ അപകടത്തില്‍പ്പെടുന്ന വാർത്തകള്‍ അടുത്തിടെയായി നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കണ്ണൂർ കേളകം പലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ രണ്ടുപേർ മരിക്കാനിടയാക്കിയ അപകടത്തിലേയും വില്ലന്‍ ഗൂഗിള്‍ മാപ്പായിരുന്നു. ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡിലേക്ക് എത്തിയ വാഹനം താഴ്ചയിലേക്ക് മറിയുകയും നാടകപ്രവർത്തകരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവർ മരണപ്പെടുകയുമായിരുന്നു.
ഗൂഗിൾ മാപ്പ് നോക്കി മുച്ചക്രവാഹനത്തിൽ യാത്രചെയ്ത അംഗപരിമിതന്‍ അപകടത്തില്‍പ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശി പരശുരാമനെയാണ് ഗൂഗിള്‍ മാപ്പ് ചതിച്ചത്. ദിണ്ടിക്കൽ ജില്ലയിലെ വത്തലക്കുണ്ടത്തെ വാടിപ്പട്ടിയിലെത്തിയപ്പോൾ വഴിതെറ്റിയ ഇദ്ദേഹം എത്തിയത് ചെളിക്കുഴിയിലായിരുന്നു. കരയ്ക്ക് കയറാന്‍ കഴിയാതെ വന്നതോടെ കർണാടക പോലീസ് കൺട്രോൾറൂമിൽ വിളിച്ച് വിവരമറിയിക്കുകയും പൊലീസ് വന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
ഗൂഗിള്‍ മാപ്പിന്റെ നിർദേശപ്രകാരം റോഡാണെന്ന് കരുതി തോട്ടിലൂടെ സഞ്ചരിച്ച കാർ ഒഴുകിപ്പോയത് ജൂണ്‍ മാസത്തിലാണ്. അപകടത്തില്‍പ്പെട്ട കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications