ഇത് മോദി സര്‍ക്കാര്‍: ഓഫീസിലെത്താന്‍ വൈകിയെത്തിയാല്‍ പണിപാളും!
ദില്ലി: സര്‍ക്കാര്‍ ഓഫീസുകള്‍ വെള്ളരിക്കാപ്പട്ടണമെന്നാണ് വെപ്പ്. ജീവനക്കാര്‍ക്ക് തോന്നുമ്പോള്‍ വരാം. തോന്നുമ്പോള്‍ വരാതിരിക്കാം. തോന്നുമ്പോള്‍ ലീവെടുക്കാം. എല്ലാവരെയുമല്ല കേട്ടോ. ഇങ്ങനെ കരുതുന്ന സര്‍ക്കാര്‍ ജീവനക്കാരും ഉണ്ട് എന്ന് പറയുകയായിരുന്നു എന്ന് മാത്രം. അത് എന്ത് തന്നെയായാലും ഈ പരിപാടി ഇനി നടക്കില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ട് ഇനി വേണ്ട എന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.
സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തിയിരിക്കണം. ഓഫീസില്‍ വൈകിയെത്തിയാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആദ്യഘട്ടത്തില്‍ സമയത്ത് എത്താത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. സ്ഥിരമായി വൈകി വരുന്നവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ തന്നെ നടപടി ഉണ്ടായേക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് നോട്ടീസില്‍ പറയുന്നു.

രാജ്യത്താകമാനം 48 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നത്. നിലവില്‍, വൈകിയെത്തുന്ന ഓരോ ദിവസവും അരദിവസത്തെ അവധി നഷ്ടമാകും. ഒരു മാസം രണ്ട് തവണ, ഒരു മണിക്കൂറില്‍ അധികം വൈകാതെ ഓഫീസിലെത്തിയാലും നടപടി ഉണ്ടാകില്ല. പക്ഷേ ഇതിന് കൃത്യമായ കാരണം ബോധിപ്പിക്കേണ്ടിവരും എന്ന് മാത്രം.
നേരത്തെ, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ദില്ലിയില്‍ ഓരോ മന്ത്രാലത്തിന് കീഴിലുമുള്ള ഓഫീസുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഉണ്ടായിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഉച്ചഭക്ഷണത്തിനുള്ള സമയം അരമണിക്കൂറായും നിജപ്പെടുത്തി. ഇത് സംബന്ധിച്ച് അതാത് മന്ത്രിമാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനകളും നടത്തി.












Click it and Unblock the Notifications