പെട്രോളിന് രണ്ട് രൂപ കുറഞ്ഞേക്കും
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാഖ് ആഭ്യന്തര കലാപത്തെ തുടര്‍ന്ന് എണ്ണ ലഭ്യതയില്‍ കുറവുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമെന്നറിയുന്നു. ഇറക്കുമതി തീരുവ കുറയുന്നതോടെ പെട്രോള്‍ ലിറ്ററിന് രണ്ടുരൂപയുടെ കുറവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടാകുക.
ഒരു ലിറ്റര്‍ പെട്രോളിന് 9.49 രൂപയും ഡീസലിന് 3.56 രൂപയുമാണ് നിലവില്‍ ഇറക്കുമതി തീരുവ. പെട്രോളിനും ഡീസലിനും രണ്ടുരൂപ വരെ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനാണ് സാധ്യതയെന്നറിയുന്നു. ചില്ലറ വിപണിയിലും ഇതിന് സമാനമായ വ്യത്യാസമാണ് ഉണ്ടാകുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ പത്തിനാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കനത്ത ബാധ്യത ഉണ്ടാക്കും. എക്‌സൈസ് ഡ്യൂട്ടി വഴി കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ വരുമാനം 64335 കോടി രൂപയായിരുന്നു. റെയില്‍വേ യാത്രാക്കൂലിയും പഞ്ചസാരയുടെ ഇറക്കുമതി ചുങ്കവും കൂട്ടിയ സര്‍ക്കാരിന് പെട്രോള്‍ വില കൂടി വര്‍ദ്ധിച്ചാല്‍ അത് കനത്ത തിരിച്ചടിയാകും.
സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ഇറാഖില്‍ നടക്കുന്ന ആഭ്യന്തര കലാപം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വില ബാരലിന് 112 ഡോളര്‍ കണ്ട് ഉയരാന്‍ കാരണമായിരുന്നു. ഇറാഖിലെ പ്രതിസന്ധി അവസാനിക്കാത്ത പക്ഷം ഇത് 120 ഡോളര്‍ വരെ ഉയര്‍ന്നേക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications