വളർച്ചയ്ക്ക് മുന്‍തൂക്കം: കടക്കെണിയിലും ബജറ്റില്‍ ചിലവ് വർധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
ദില്ലി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയൊന്നായി മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ചെലവ് വർദ്ധിപ്പിച്ച് ധനപരമായ ഏകീകരണത്തേക്കാൾ വളർച്ചയ്ക്ക് മുൻഗണന നൽകിയേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബഡ്ജ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി സർവേ നടത്തിക്കൊണ്ടാണ് സാമ്പത്തിക വിദഗ്ധർ ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വെക്കുന്നതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ ഏകദേശം 14 ശതമാനം ബജറ്റ് വർധിപ്പിച്ച് 39.6 ലക്ഷം കോടി രൂപയായി (527 ബില്യൺ ഡോളർ) ഉയർത്തുമെന്നാണ് വിലയിരുത്തല്‍.
ബജറ്റില്‍ നികുതി നിരക്കുകളിൽ വലിയ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ പൊതുമേഖല ആസ്തി വിൽപ്പനയിൽ നിന്നുള്ള വരുമാനവും പദ്ധതികള്‍ക്ക് ഭാഗികമായി ധനസഹായം നൽകുന്നതിന് ഏകദേശം 13 ലക്ഷം കോടി രൂപയുടെ റെക്കോഡ് കടമെടുപ്പും ഉണ്ടാവുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ഉയർന്ന ചെലവ്, ഒരു വർഷത്തേക്ക്, ഗവൺമെന്റിന്റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 6 ശതമാനത്തേക്കാൾ കൂടതലുമായിരിക്കും.

"പാൻഡെമിക്കിൽ നിന്നുള്ള വീണ്ടെടുക്കൽ വേഗത്തിലായിരുന്നു, പക്ഷേ അത് അപൂർണ്ണമാണ്," എന്നാണ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ബാങ്കിംഗ് ഗ്രൂപ്പ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധരായ ധീരജ് നിമും സഞ്ജയ് മാത്തൂരും ഒരു റിപ്പോർട്ടിൽ എഴുതുന്നത്. സാമ്പത്തിക മേഖലിയിലെ ശക്തമായതിരിച്ചുവരവിനും സാമ്പത്തിക വീണ്ടെടുക്കലിനും ഇടയിൽ ഒരു നല്ല ബാലൻസിങ് ആക്റ്റ് ആവശ്യമാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നു.
ഒമൈക്രോൺ വേരിയന്റിനെ തടയുന്നതിനുള്ള നിയന്ത്രണങ്ങളോടെ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുമായി അടിസ്ഥാന സൗകര്യ പദ്ധതികൾ മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള എല്ലാത്തിനും ചെലവ് വർദ്ധിപ്പിക്കേണ്ട സാഹചര്യം ധനമന്ത്രി നിർമ്മല സീതാരാമനെ സമ്മർദ്ദത്തിലാകും. ഈ സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകൾക്ക് ഒരു ശതമാനം സർചാർജ് ചുമത്താൻ ഓക്സ്ഫാം സർക്കാരിനോട് നേരത്തെ ശുപാർശ ചെയ്തിരുന്നു.
സ്റ്റോക്ക് വിലകൾ മുതൽ ക്രിപ്റ്റോ, ചരക്കുകൾ വരെയുള്ള എല്ലാറ്റിന്റെയും മൂല്യം കുതിച്ചുയർന്നതിനാൽ, പകർച്ചവ്യാധിയുടെ സമയത്ത് ആഗോളതലത്തിൽ സമ്പന്നരുടെ സമ്പത്ത് കുതിച്ചുയർന്നിട്ടുണ്ട്. എന്നാല്‍ സാധാരണക്കാർ കൂടുതല്‍ ദുരിതത്തിലായി. കഴിഞ്ഞ മേയിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 15 ശതമാനത്തിനടുത്തായി കുതിച്ചുയരുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്നെയാണ് ഇന്ത്യ, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളില്‍ ശതകോടീശ്വന്‍മാരുടെ എണ്ണം വർധിച്ചത്.
അതേസമയം തന്നെ, സുപ്രധാനമായ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നതിനാല്‍ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ഭാരം ചുമത്താനും കേന്ദ്ര സർക്കാർ തയ്യാറായേക്കില്ല. വരുമാന വർധനവിനുള്ള മാർഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ബജറ്റ് ജനപ്രിയം എന്ന് തോന്നിപ്പിക്കണമെന്ന വെല്ലുവിളിയുമാണ് നിർമ്മല സീതാരാമന് മുന്നിലുള്ളത്. ബി ജെ പി അധികാരത്തിലുള്ള യുപി, മണിപ്പൂർ, ഉത്തരാഘണ്ഡ്, ഗോവ എന്നിവയോടൊപ്പം കോണ്‍ഗ്രസിന്റെ കയ്യിലുള്ള പഞ്ചാബിലുമാണ് അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സർവ്വേയില്‍ പങ്കെടുത്ത ആളുകള്‍ അഭിപ്രായപ്പെടുന്നത്.
ബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ഉൽപ്പാദന മേഖല ഉയർന്നുവരുന്നതായിട്ടാണ് സർവ്വേില്‍ പങ്കെടുത്ത കൂടുതല്‍ പേരും വിലയിരുത്തുന്നത്. ചില സാമ്പത്തിക വിദഗ്ധർ രാജ്യത്തിന്റെ പ്രബലമായ സേവന മേഖലയ്ക്കും കാർഷിക മേഖലകൾക്കും എന്തെങ്കിലും വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. "തൊഴിൽ സൃഷ്ടിക്കുന്നതിലൂടെയും ഉയർന്ന വളം സബ്‌സിഡികൾ വഴിയും ഗ്രാമീണ മേഖലയെ പിന്തുണയ്ക്കുന്നത് ബജറ്റില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്" മുംബൈയിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധയായ ഗൗര സെൻ ഗുപ്ത പറഞ്ഞു. സാമ്പത്തിക നയത്തിന്റെ ശ്രദ്ധ സമീപകാല ആശ്വാസ നടപടികളിൽ നിന്ന് വളർച്ചയുടെ എഞ്ചിനുകളായ ഉപഭോഗത്തിലേക്കും നിക്ഷേപത്തിലേക്കും മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications