കേരളം രേഖ ഹാജരാക്കിയിട്ട് 5 വര്‍ഷം, പിന്നെങ്ങനെ നഷ്ടപരിഹാരം നല്‍കും? ജിഎസ്ടി കുടിശ്ശികയില്‍ ധനമന്ത്രി
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത് ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാത്തതിനാലാണ് എന്നാണ് ധനമന്ത്രി പറയുന്നത്. ഈ വാദം തള്ളുകയാണ് നിര്‍മല

ന്യൂദല്‍ഹി: ജി എസ് ടി നഷ്ട പരിഹാര വിഷയത്തില്‍ കേരളം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഖണ്ഡിച്ച് വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സിതാരാമന്‍. 2017 മുതല്‍ എ ജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം ഹാജരാക്കിയിട്ടില്ല എന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
ഇത് കാരണമാണ് കേരളത്തിന് നഷ്ടപരിഹാര കുടിശ്ശിക നല്‍കാത്തത്. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക കേരളത്തിന് ഉടന്‍ നല്‍കും എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത് എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിക്കുന്നത് എന്നും എന്നാല്‍ കേരളം അഞ്ച് വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ല എന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടണ്ട്.
അതിന്റെ വിഹിതം കേരളത്തിനും ലഭിക്കും എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പി എന്‍ കെ പ്രേമചന്ദ്രന്‍ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നിര്‍മലാ സീതാരാമന്റെ മറുപടി. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച ചോദ്യം ആദ്യം കേരള സര്‍ക്കാരിനോട് ആണ് ചോദിക്കേണ്ടത് എന്നും നിര്‍മല സീതാരാമന്‍ എന്‍ കെ പ്രോമചന്ദ്രനോട് പറഞ്ഞു.

718.49 കോടിയാണ് കഴിഞ്ഞ ജൂണ്‍ വരെയുള്ള കേരളത്തിന്റെ ജി എസ് ടി നഷ്ട പരിഹാരം. നേരത്തെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനങ്ങള്‍ക്ക് 17,000 കോടി ജി എസ് ടി നഷ്ട പരിഹാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കുടിശ്ശിക തുകയായിരുന്നു ഇത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,15,662 കോടി രൂപയാണ് ജി എസ് ടി നഷ്ട പരിഹാരമായി അനുവദിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക അനുവദിക്കുന്നില്ല എന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത് എന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്.












Click it and Unblock the Notifications