
സൗരാഷ്ട്രയിൽ കടുത്ത പോരാട്ടത്തിന് ആം ആദ്മി; 'കോൺഗ്രസ് വിയർക്കും', നേട്ടം ബിജെപിക്കെന്ന്
അഹമ്മദാബാദ്: 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റം നേടിയ സൗരാഷ്ട്ര മേഖലയിൽ ഇക്കുറിം 'ആം ആദ്മിയിൽ ' പ്രതീക്ഷ പുലർത്തി ബി ജെ പി. ഇവിടെ കോൺഗ്രസ് വോട്ടുകളിൽ ആം ആദ്മി വിള്ളൽ വരുത്തുമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ. എന്നാൽ ബി ജെ പിക്ക് വലിയ നഷ്ടമുണ്ടാക്കുന്ന തരത്തിൽ ആം ആദ്മി പാർട്ടിയുടെ സ്വാധീനം വളരാൻ അനുവദിക്കരുതെന്നും അമിത് ഷാ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിക്കുന്നു.

2017 ൽ 54 ൽ 23 സീറ്റുകളായിരുന്നു ബി ജെ പിക്ക് ഇവിടെ ലഭിച്ചത്. 2012 ൽ 35 സീറ്റുകളായിരുന്നു ബിജെപിക്ക് ഇവിടെ ഉണ്ടായിരുന്നത്. പട്ടേദാർ പ്രക്ഷോഭവും തുടർ സാഹചര്യവുമായിരുന്നു കഴിഞ്ഞ തവണ ബി ജെ പിക്ക് നഷ്ടം വരുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തിന് വഴി തെളിഞ്ഞതോടെ ഇവിടെ ഇക്കുറി കൈവിട്ട സീറ്റുകൾ തിരിച്ച് പിടിക്കാമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

അതേസമയം സൗരാഷ്ടട്രയിൽ മുന്നേറ്റം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി എംഎൽഎമാരുടെ പ്രോഗ്രസ് റിപ്പോർട്ടുകൾ പാർട്ടി തയ്യാറാക്കിയിട്ടുണ്ട്. സൗത്ത്, നോർത്ത്, സൗരാഷ്ട്ര, സെൻട്രൽ എന്നിങ്ങനെ നാല് സോണുകളിലും പ്രത്യേക നിരീക്ഷകരെ നിയമിച്ച് കൊണ്ടാണ് പാർട്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകമായ സൗരാഷ്ട്രയിൽ പ്രത്യേക തന്ത്രങ്ങൾ മെനയേണ്ടതിന്റെ ആവശ്യകത നേതൃത്വം ആവർത്തിക്കുന്നു.പ്രദേശത്തെ പ്രധാന നേതാക്കളുമായി അമിത് ഷാ ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികൾ എന്ന നിലയിൽ കോൺഗ്രസിനെയും എഎപിയെയും ബിജെപി ഗൗരവമായി കാണണമെന്നാണ് അമിത് ഷാ വ്യക്തമാക്കിയതെന്ന് നേതാക്കൾ പറയുന്നു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അമിത ആത്മവിശ്വാസം പുലർത്താതെ കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. 182 അംഗ നിയമസഭയിൽ ബി ജെ പി 150 സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ചില സീറ്റുകളിൽ ത്രികോണ പോരാട്ടം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു, നേതാവ് പറയുന്നു.

സൗരാഷ്ട്രയിൽ 2017 ൽ നേരിയ വോട്ടുകൾക്ക് നഷ്ടമായ സീറ്റുകളിൽ ഇത്തവണ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് നേതാക്കൾ പറയുന്നു. 1000 ത്തിനും 2000ത്തിനും ഇടയിൽ വോട്ടുകൾക്ക് നഷ്ടമായ മണ്ഡലങ്ങളിൽ ഇക്കുറി ആം ആദ്മി വോട്ട് വിഭജിക്കും. അത് കോൺഗ്രസിനാകും കൂടുതൽ നഷ്ടം വരുത്തുക, നേതാക്കൾ പറഞ്ഞു. സൗരാഷ്ട്ര മേഖലയിലും ട്രൈബൽ മേഖലയിലും ആം ആദ്മി സ്വാധീനം ഉണ്ടാക്കിയെന്ന് കോൺഗ്രസും സമ്മതിക്കുന്നു. ഇവിടെ തങ്ങളുടെ വോട്ടുകൾ ആം ആദ്മി വിഭജിക്കുമെന്നും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായേക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും പറഞ്ഞു.