ഒവൈസിയുടെ കളി നടക്കില്ല; ആപ്പും നിരാശരാവേണ്ടി വരും, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ് പാളയത്തില്‍ തന്നെ
അഹമ്മദാബാദ്: എക്കാലത്തും ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ അടിത്തറയായിരുന്നു മുസ്ലിം ജനവിഭാഗം. ബി ജെ പി മുഖ്യപ്രതിപക്ഷമായി ഉയർന്ന് നിന്നപ്പോഴും പിന്നീട് അവർ തുടർച്ചയായി അധികാരത്തില്‍ വന്നപ്പോഴുമെല്ലാം മുസ്ലിംവോട്ടുകള്‍ വലിയ ചോർച്ചകളില്ലാതെ സ്ഥരിമായി കോണ്‍ഗ്രസിന് ലഭിച്ച് പോന്നു. ഈ വോട്ട് ബാങ്കിലേക്ക് ബി ജെ പി പല തവണ കടന്ന് കയറാന്‍ ശ്രമിച്ചെങ്കിലും ഒരിടത്ത് പോലും വിജയം കണ്ടില്ലെന്നുള്ളതാണ് സത്യം.
എന്നാല്‍ ഇത്തവണ മുസ്ലിം വോട്ടുബാങ്കില്‍ കണ്ണും നട്ട് ഒവൈസിയുടെ എ ഐ എം ഐ എമ്മിനൊപ്പം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ), ആം ആദ്മി പാർട്ടി (എഎപി) യും രംഗത്തുള്ളതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.

ബി ജെ പി ഒഴികെയുളള മൂന്ന് പാർട്ടികളും പ്രചാരണ വേളയിൽ മുസ്‌ലിംകളിലേക്ക് സജീവമായി എത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പോളിംഗ് ദിവസത്തിന് തൊട്ടുമുമ്പ്, രാഷ്ട്രീയ നിരീക്ഷകർ പറയുന്നതനുസരിച്ച് മുസ്ലിം ജനവിഭാഗം ഇത്തവണയും കോൺഗ്രസിനോട് തന്നെ വിശ്വസ്തത പുലർത്താൻ സാധ്യതയുണ്ടെന്നാണ്. പ്രായോഗിക ബദലുകളായി തങ്ങളെ അവതരിപ്പിക്കുന്നതില്‍ എഎപിയും എഐഎംഐഎമ്മും പരാജയപ്പെട്ടുവെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.

ഗുജറാത്തിലെ 64 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനത്തോളമാണ് മുസ്ലിംങ്ങള്‍. 182 അസംബ്ലി സീറ്റുകളിൽ 42 എണ്ണത്തിലും 40,000 വോട്ടുകൾ വീതം അവർ നേടുമെന്നാണ് കരുതുന്നത്. നിലവില്‍ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിൽ നിന്നുള്ള മൂന്ന് മുസ്ലീം എം എൽ എമാരാണുള്ളത്. ആകെയുള്ള മുസ്ലിം അംഗങ്ങളും ഇവർ തന്നെയാണ്.

ഇത്തവണ, എ ഐ എം ഐ എമ്മിന്റെയും എ എ പിയുടെയും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോൺഗ്രസ് ആറ് മുസ്ലീം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. പ്രബലമായ മുസ്ലീം ജനസംഖ്യയുള്ളതും കോൺഗ്രസിന് മുൻതൂക്കം ഉള്ളതുമായ 14 മണ്ഡലങ്ങളിലാണ് എ ഐ എം ഐ എം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടി മൂന്ന് മുസ്ലീം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. അതേസമയം ബി ജെ പി ഇത്തവണയും മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.

2021 ഫെബ്രുവരിയിൽ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിൽ എ എ പിക്കും എ ഐ എം ഐ എമ്മിനുമുള്ള കടന്ന് വരവിന് കളമൊരുക്കിയത്. എ ഐ എം ഐ എം അന്ന് മത്സരിച്ച 40 സീറ്റിൽ 26ലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ച പല സീറ്റുകളിലും പരാജയപ്പെടേണ്ടി വന്നു. മൊഡാസ (ഒമ്പത് സീറ്റുകൾ), ഗോധ്ര (ആറ്), അഹമ്മദാബാദ് (ഏഴ്) എന്നിവിടങ്ങളിലായിരുന്നു എ ഐ എം ഐ എമ്മിന്റെ ശ്രദ്ധേയമായ പ്രകടനം.

ഈ വിജയങ്ങളിൽ ആവേശഭരിതനായിക്കൊണ്ട് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 40 സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ അവസാനം 14 സീറ്റില്‍ മാത്രം സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. എന്നാല്‍ എ ഐ എം ഐ എമ്മിന്റെ സ്വാധീനം നഗര സിവിൽ ബോഡി തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ താഴോട്ട് പോവാന്‍ തുടങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒവൈസിയെ 'ബി ജെ പിയുടെ ബി ടീം' എന്ന് വിളിച്ച് ഗുജറാത്തിലെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ രാജിവെച്ചതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. "ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾക്ക് ഒരു സീറ്റും നേടാനാവില്ലെന്ന് കൂടുതൽ വ്യക്തമായി. മറിച്ച് ഞങ്ങൾ കോൺഗ്രസിനെ ദോഷകരമായി ബാധിക്കുകയും ബി ജെ പിക്ക് ഗുണം ചെയ്യുകയും ചെയ്യും, അതിനാൽ എ ഐ എം ഐ എമ്മിന് വോട്ടുചെയ്യരുത് എന്ന സന്ദേശം ഞങ്ങൾ മുസ്ലിം സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കുന്നു, ''- അഭിഭാഷകനും ആക്ടിവിസ്റ്റും എ ഐ എം ഐ എമ്മിന്റെ മുൻ വക്താവുമായ ഷംഷാദ് പത്താൻ പറയുന്നു.

അതേസമയം, മറുവശത്ത് തുടക്കത്തിൽ എ എ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുസ്ലീം യുവാക്കളെ ആവേശഭരിതരാക്കിയിരുന്നു. എന്നാൽ ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ വിട്ടയക്കുന്നതിനെക്കുറിച്ചും നവരാത്രി സമയത്ത് ഖേദയിൽ യുവാവിനെ പോലീസ് തല്ലിച്ചതച്ചതിനെക്കുറിച്ചും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിക്കാതിരുന്നത് മുസ്ലിം വിഭാഗം മാറിചിന്തിക്കാന്‍ തുടങ്ങി. ആളുകൾ ബിജെപിയുടെ മറ്റൊരു അവതാരമായിട്ടാണ് അദ്ദേഹത്തേയും കണ്ടത്. ഈ സാഹചര്യത്തിലാണ് മുസ്ലിം വോട്ടുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications