പോരാട്ടം കോണ്‍ഗ്രസിനോടാണ്, ആം ആദ്മി ചിത്രത്തിലേയില്ല; നയം വ്യക്തമാക്കി ബിജെപി
ന്യൂദല്‍ഹി: ആം ആദ്മി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ തള്ളി ബി ജെ പി. ബി ജെ പിയുടെ പോരാട്ടം കോണ്‍ഗ്രസിനോടാണ് എന്ന് ഗുജറാത്ത് ബി ജെ പി ജനറല്‍ സെക്രട്ടറി പ്രദീപ്സിംഗ് വഗേല പറഞ്ഞു. ബി ഡെ പി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗുജറാത്തിലെ ആം ആദ്മിയുടെ രംഗപ്രവേശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പോരാട്ടം ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമാണ് എന്നായിരുന്നു പ്രദീപ്സിംഗ് വഗേല പറഞ്ഞത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായാണ് ജെപി നദ്ദ എത്തുന്നത്.

'ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. മുന്‍കാലങ്ങളില്‍ മറ്റ് പല പാര്‍ട്ടികളും ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വന്നിരുന്നു. എന്നാല്‍ അവരൊന്നും അതിജീവിച്ചില്ല. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പോരാട്ടം, ഇത്തവണയും കോണ്‍ഗ്രസാണ്. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും, പ്രദീപ് സിംഗ് വഗേല പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടും എന്നും പ്രദീപ്സിംഗ് വഗേല അവകാശപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് രാത്രി ഗുജറാത്തിലെത്തും. നാളെ മുതല്‍ ജെപി നദ്ദ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ അണിനിരക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമോ കിസാന്‍ പഞ്ചായത്ത്, മേയറുടെ ഉച്ചകോടി, രാജ്കോട്ടിലെ ജനപ്രതിനിധി സമ്മേളനം, മോര്‍ബിയിലെ കൂറ്റന്‍ റോഡ്ഷോ, ഗാന്ധിനഗറിലെ വീരാഞ്ജലി പരിപാടി എന്നിവയുടെ ഭാഗമാകും ജെപി നദ്ദ.

ജെപി നദ്ദ പങ്കെടുക്കുന്ന മേയര്‍ ഉച്ചകോടിയില്‍ 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 121 മേയര്‍മാരും ഡെപ്യൂട്ടി മേയര്‍മാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. സെപ്തംബര്‍ 20 ന്, ഗാന്ധിനഗറിന് സമീപം ബി ജെ പിയുടെ കിസാന്‍ മോര്‍ച്ച പരിപാടിയില്‍ ബി ജെ പി പ്രസിഡന്റ് ഇ-ബൈക്കുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

കൂടാതെ ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസ്ഥാന ബി ജെ പി നേതാക്കളുമായും പ്രവര്‍ത്തകരുമായും ഒരു സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കും. അടുത്തിടെ ആം ആദ്മി പാര്‍ട്ടി വലിയ സ്വാധീനം സംസ്ഥാനത്ത് ചെലുത്തുന്നുണ്ട്. സൂററ്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് പ്രധാന പ്രതിപക്ഷമാകാനും ആം ആദ്മിക്കായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്തിലെത്തിയിരുന്നു. എം പി രാഘവ് ഛദ്ദയെയാണ് ആം ആദ്മി ഗുജറാത്തിലെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications