താലികെട്ടിന് തൊട്ടുമുന്‍പ് മരിച്ച് വീണ് വധു; വധുവിന്റെ അനുജത്തിയെ അതേവേദിയില്‍ വെച്ച് വിവാഹം കഴിച്ച് വരന്‍
കുടുംബത്തെ സമാജത്തിലെ ആളുകള്‍ പറഞ്ഞാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. അത്യന്തം സങ്കടകരമായ കാര്യമാണ് അരങ്ങേറിയത്

അഹമ്മദാബാദ്: ഏതൊരു പെണ്‍കുട്ടിയും തന്റെ വിവാഹം ഏറെ സ്വപ്‌നം കാണുന്ന ഒരു ചടങ്ങായിരിക്കും. സമാനമായി തന്റെ വിവാഹത്തിന് ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഗുജറാത്തിലെ ഭാവ് നഗറിലെ ഹേതല്‍ എന്ന പെണ്‍കുട്ടിയും നോക്കിക്കണ്ടത്. എന്നാല്‍ വിവാഹ വേദിയില്‍ വെച്ച് തന്റെ ജീവിതം തന്നെ അവസാനിക്കും എന്ന് ഹേതല്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് പലപ്പോഴും പലരും വിശേഷിപ്പിക്കാറുണ്ട്. സമാനമായി വളരെ അപ്രതീക്ഷിതമായാണ് വിവാഹ വേദിയില്‍ വെച്ച് ഹേതലിനെ മരണം തട്ടിയെടുത്തത്. ഗുജറാത്തിലെ ഭാവ് നഗറിന് അടുത്തുള്ള സുഭാഷ് നഗറില്‍ ആണ് അത്യന്തം സങ്കടകരമായ സംഭവം അരങ്ങേറിയത്.

കാത്തിരുന്ന വിവാഹം
ജിനാഭായ് റാത്തോര്‍ എന്നയാളുടെ മൂത്ത മകളായിരുന്നു ഹേതല്‍. ഹേതലും നാരി ഗ്രാമത്തിലെ ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലുമായുള്ള വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനായി ഹേതലും കുടുംബാംഗങ്ങളും വിശാലും കുടുംബാംഗങ്ങളും എല്ലാം വിവാഹ വേദിയായ ഭഗവനേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഹേതലിന്റേയും വിശാലിന്റേയും കുടുംബാംഗങ്ങളും ബന്ധുക്കളും എല്ലാം വിവാഹത്തിന്റെ ആഘോഷ മൂഡിലായിരുന്നു.

ആഘോഷവുമായി ബന്ധുക്കള്‍
പാട്ടും ഡാന്‍സുമായി എല്ലാവരും വിവാഹം പൊടിപൊടിക്കുകയായിരുന്നു. വിവാഹത്തിന്റെ ആചാരപരമായ ചടങ്ങുകളും ആരംഭിച്ചിരുന്നു. താലി കെട്ടുന്നതിന് തൊട്ട് മുന്‍പാണ് ഹേതല്‍ വിവാഹ വേദിയില്‍ കുഴഞ്ഞ് വീഴുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് ഹേതലിന്റെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

അനുജത്തിയെ വിവാഹം കഴിച്ചു
ഹൃദയാഘാതമാണ് ഹേതലിന്റെ മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഹേതലിന്റെ മരണമുണ്ടാക്കിയ ഷോക്കില്‍ നിന്ന് മുക്തനാകും മുന്‍പെ ഹേതലിന്റെ അനുജത്തിയുമായി വിശാലിന്റെ വിവാഹവും നടന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ ബന്ധുക്കളുടെ നിര്‍ദേശ പ്രകാരമാണ് വധുവിന്റെ അനുജത്തിയെ വിശാല്‍ വിവാഹം കഴിച്ചത്. വിവാഹ ചടങ്ങ് കഴിയുന്നത് വരെ ഹേതാലിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കുടുംബത്തെ നിര്‍ബന്ധിച്ചു
അതേസമയം സംഭവം വളരെ വേദനിപ്പിക്കുന്നതാണ് എന്ന് ഭാവ ്നഗര്‍ സിറ്റി കോര്‍പ്പറേറ്ററും മാല്‍ധാരി സമാജ് നേതാവുമായ ലക്ഷ്മണ്‍ ഭായ് റാത്തോഡ് പറഞ്ഞു. മകളുടെ മരണം ഉണ്ടാക്കിയ ദുഖത്തിനിടയിലും വിവാഹ ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ സമാജത്തിലെ അംഗങ്ങള്‍ ആണ് കുടുംബത്തെ പറഞ്ഞ് 'ബോധ്യപ്പെടുത്തിയത്' എന്നും ലക്ഷ്മണ്‍ഭായ് റാത്തോഡ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications