ഗുജറാത്തിന് ഇനി പുതിയ മുഖ്യമന്ത്രി; ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
ഗാന്ധിനഗര്‍: പുതിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ആണ് രാജ്ഭവനില്‍ നിന്ന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവ, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് ജോഷി, പരശോത്തം രൂപാല, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

തിങ്കളാഴ്ച മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. പേരുകള്‍ പാര്‍ട്ടി തീരുമാനിച്ചതിന് ശേഷം മന്ത്രിസഭാംഗങ്ങള്‍ പ്രത്യേകം സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും. ഏറ്റവും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് അമിത് ഷായും ഭൂപേന്ദ്ര പട്ടേലും മറ്റ് നേതാക്കളും ചേര്‍ന്നാണ് മറ്റ് മന്ത്രിമാരുടെ പേരുകള്‍ തീരുമാനിക്കുക. മന്ത്രിസഭയിലെ പല മുതിര്‍ന്ന നേതാക്കളെയും അംഗങ്ങളെയും ഒഴിവാക്കി പുതിയ മുഖങ്ങള്‍ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം.
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് നേതാക്കള്‍ക്കും വ്യക്തതയില്ല. നിതിന്‍ പട്ടേല്‍ കാബിനെറ്റില്‍ തുടരുമോ എന്നുള്ള കാര്യവും വ്യക്തമല്ല. നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications