പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ച: തെറ്റ് ചെയ്‌തെങ്കില്‍ അവനെ തൂക്കിലേറ്റണമെന്ന് മനോരഞ്ജന്റെ പിതാവ്
ബെംഗളൂരു: 'അവന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മകനെ തൂക്കിലേറ്റണം' പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച്ചയ്ക്ക് കാരണക്കാരനായ മനോരഞ്ജനെ കുറിച്ച് പിതാവ് ദേവരാജ് ഗൗഡ പറയുന്നതാണ് ഈ വാക്കുകള്‍. പാര്‍ലമെന്റില്‍ ഇന്നുണ്ടായസുരക്ഷാ വീഴ്ച്ചയില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാളാണ് 34കാരനായ മനോരഞ്ജന്‍. സാഗര്‍ ശര്‍മയെന്നയാളും അറസ്റ്റിലായിട്ടുണ്ട്.
പാര്‍ലമെന്റ് അംഗങ്ങള്‍ ഇരിക്കുന്ന ലോക്‌സഭാ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷിക വേളയിലാണ് ഇത്തരമൊരു സുരക്ഷാ വീഴ്ച്ചയുണ്ടായിരിക്കുന്നത്.

മനോരഞ്ജന്‍ മൈസൂരു സ്വദേശിയാണ്. സാഗര്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവുകാരനാണ്. മൈസൂരു ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇവര്‍ക്ക് സന്ദര്‍ശക പാസുകള്‍ ലബിച്ചത്. അതേസമയം തന്റെ മകന്റെ പ്രവര്‍ത്തികള്‍ അപലപനീയമാണെന്ന് ദേവരാജ ഗൗഡ പറഞ്ഞു.
സമൂഹത്തിനോട് ഏതെങ്കിലും തരത്തില്‍ അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണം. അവന്‍ എന്റെ മകനല്ല. ആര് തന്നെയായാലും സമൂഹത്തിന് നല്ലതാവണം ചെയ്യേണ്ടത്. അല്ലാത്തവര്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗൗഡ പറഞ്ഞു. എങ്ങനെയാണ് മനോരഞ്ജന് പാസുകള്‍ കിട്ടിയതെന്ന് അറിയില്ല. ഞങ്ങളെല്ലാവരും പ്രതാപ് സിംഹയെപിന്തുണയ്ക്കുന്നവരാണ്. അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്.
അതുകൊണ്ട് പ്രതാപ് സിംഹയില്‍ നിന്നാണോ അതല്ലെങ്കില്‍ മറ്റ് വഴിയിലൂടെയാണോ പാസ് സ്വന്തമാക്കിയതെന്ന് അറിയില്ല. അക്കാര്യത്തെ കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. തന്റെ മകന്‍ എപ്പോഴും സമൂഹത്തിന് നല്ലത് മാത്രം ചെയ്യാന്‍ ആഗ്രഹിച്ചയാളാണ്. ഒരു പാര്‍ട്ടിയുമായും മനോരഞ്ജന് ബന്ധമില്ല. പക്ഷേ മകന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ അടക്കം അതിലുണ്ട്.
വായന അമിതമായതാണോ അതല്ലെങ്കില്‍ പുസ്തകങ്ങള്‍ അവന്റെ ചിന്തയെ വഴിതെറ്റിച്ചതാണോ എന്ന് തനിക്കറിയില്ലെന്നും ദേവരാജ ഗൗഡ വ്യക്തമാക്കി. ഞെട്ടിക്കുന്നതും, അതുപോലെ ആശങ്കപ്പെടുത്തുന്നതുമാണ് സംഭവമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിലെ ആക്രമണത്തെ അപലപിക്കുന്നു. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും സുരക്ഷിതരാണ് എന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്.
ഇത്രയും സുരക്ഷയുണ്ടായിട്ടും ഇങ്ങനൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണ്. സുരക്ഷാ സംവിധാനത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. 2001ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് പാര്‍ലമെന്റ് ആക്രമണമുണ്ടായത്. പ്രതാപ് സിംഹയെ അറിയുന്നവരാണ് ഈ യുവാക്കള്‍. ഇവരെ എംപിക്ക്അറിയില്ലെങ്കില്‍ എങ്ങനെയാണ് അപരിചിതര്‍ക്ക് പാസ് നല്‍കുക. ഇത്തരം വീഴ്ച്ചകളും നിയമപ്രകാരം ശിക്ഷയ്ക്ക് അര്‍ഹമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications