ഹനുമാന്‍ ജനിച്ചത് കര്‍ണാടകയിലോ മഹാരാഷ്ട്രയിലോ? സന്യാസിമാരുടെ യോഗത്തില്‍ കലഹം
മുംബൈ: ഹനുമാന്റെ ജന്മസ്ഥലം സംബന്ധിച്ച് സന്യാസിമാര്‍ക്കിടയില്‍ തര്‍ക്കം. ഹനുമാന്‍ ജനിച്ചത് മഹാരാഷ്ട്രയിലെ നാസികിലാണ് എന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ കര്‍ണാടകയിലെ കിഷ്‌കിണ്ഡയിലാണ് എന്ന് മറുഭാഗം വാദിച്ചു. ഇരുവിഭാഗവും തങ്ങളുടെ വാദത്തില്‍ ഉറച്ച് നിന്നതോടെ ബഹളമായി. ഒടുവില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പോലീസിന്റെ അവസരോചിത ഇടപെടലാണ് വലിയ കുഴപ്പമില്ലാതെ യോഗം പിരിച്ചുവിട്ടത്.
ശാസ്ത്രര്‍ഥ സഭ എന്ന പേരില്‍ സന്യാസിമാരും ബുദ്ധിജീവികളും പങ്കെടുത്ത യോഗം നാസികില്‍ ചൊവ്വാഴ്ചയാണ് നടന്നത്. കിഷ്‌കിണ്ഡയില്‍ നിന്നു വന്ന സന്യാസി ദണ്ഡസ്വാമി ഗോവിന്ദാനനന്ദ സരസ്വതി മഹാരാജ്, ഹനുമാന്റെ ജന്മസ്ഥലം കിഷ്‌കിണ്ഡയാണെന്ന് വാദിച്ചതോടെയാണ് ബഹളമായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സന്യാസിമാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഗോവിന്ദാനന്ദ സരസ്വതിയുടെ വാദത്തിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിടുമെന്നായി.

ഗോവിന്ദാനന്ദ സരസ്വതി യോഗം നടക്കുന്ന വേദിയിലേക്ക് രഥയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് പോലീസ് അനുമതി നല്‍കിയില്ല. വിവാദ വാദങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷ സാഹചര്യമുണ്ടാക്കരുതെന്ന് പോലീസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നാസിക്കിലുള്ള സന്യാസിരമായ സുധീര്‍ദാസ് മഹാരാജ്, ശാന്താറാം ശാസ്ത്രി ഭനോസി, ഭക്തി ചര്‍ദാസ് മഹാരാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നാസികിലെ അഞ്ജനേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് ഇവര്‍ വാദിക്കുന്നു. ഇതിന് ബലമേകുന്ന ചില പുസ്തകങ്ങളും ഇവര്‍ ഹാജരാക്കി.
എന്നാല്‍ വാല്‍മീകി രാമായണം ഉദ്ധരിച്ചാണ് ഗോവിന്ദാനന്ദ് സരസ്വതി ഇതിന് മറുപടി നല്‍കിയത്. കിഷ്‌കിണ്ഡയാണ് ഹനുമാന്റെ ജന്മസ്ഥലം എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇരുവിഭാഗവും തങ്ങളുടെ വാദത്തില്‍ ഉറച്ച് നിന്നതോടെ ബഹളമായി. ഗോവിന്ദാനന്ദ് സരസ്വതിയെ മറ്റു സന്യാസിമാര്‍ ഭീഷണിപ്പെടുത്തി. അദ്ദേഹം ആക്രമിക്കപ്പെടുമെന്ന സാഹചര്യമായി. ഇതോടെയാണ് പോലീസ് ഇടപെട്ടത്. ഗോവിന്ദാനന്ദ സരസ്വതിയെ പോലീസ് മറ്റൊരു മുറിയിലേക്ക് വേഗത്തില്‍ മാറ്റുകയായിരുന്നു. എല്ലാവരും യോഗ ഹാള്‍ വിട്ട് പുറത്തുപോകണമെന്ന് പോലീസ് അന്ത്യശാസനം നല്‍കി. ശേഷം സന്യാസിമാരെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ഇതോടെ ഹനുമാന്റെ ജന്മസ്ഥലം എവിടെ എന്ന ചോദ്യത്തിന് ഉത്തരമായില്ല. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഹനുമാന്‍ ജനിച്ചുവെന്ന വാദം ഒരിക്കലും നിലനില്‍ക്കില്ലല്ലോ എന്നാണ് ചില സന്യാസിമാര്‍ പ്രതികരിച്ചത്. ഏതെങ്കിലും ഒരു സ്ഥലത്താണ് ജനനം നടന്നിരിക്കുക. രണ്ടു വിഭാഗവും അവരുടേതായ രേഖകള്‍ ഹാജരാക്കുകയും വാദത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ ശാസ്ത്രര്‍ഥ സഭ പോലീസ് പിരിച്ചുവിടുകയായിരുന്നു.












Click it and Unblock the Notifications