ഭിവാനിയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; നിലംതൊടാനാകെ ഓംപ്രകാശ്; കൂറ്റൻ വിജയവുമായി ബിജെപി
ചണ്ഡീഗഡ്: മത്സരിച്ച ഏക സീറ്റിൽ കനത്ത പരാജയം രുചിച്ച് സി പി എം. ബി ജെ പിയുടെ സിറ്റിംഗ് എം എൽ എയായ ഘനശ്യാം സരഫ് ആണ് ഇവിടെ വിജയിച്ചത്. 67,087 വോട്ടുകൾക്കാണ് സരഫിന്റെ വിജയം. 46.19 ശതമാനം വോട്ടുകളാണ് സരഫിന് നേടാൻ സാധിച്ചത്. സി പി എം സ്ഥാനാർത്ഥിയായ ഓംപ്രകാശിന് 34,373 വോട്ടുകളാണ് ലഭിച്ചത്.
കോൺഗ്രസുമായി സഖ്യത്തിലായിരുന്നു ഇത്തവണ സംസ്ഥാനത്ത് സി പി എം മത്സരിച്ചത്. കഴിഞ്ഞ 35 വർഷമായി സി പി എമ്മിന് നിയമസഭയിലേക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ കോൺഗ്രസുമായി ചേർന്ന് വലിയ വിജയമായിരുന്നു മണ്ഡലത്തിൽ പാർട്ടി പ്രതീക്ഷിച്ചത്. ഭിവാനി ജില്ലാ സെക്രട്ടറിയായ ഓം പ്രകാശിന്റെ വ്യക്തിപ്രഭാവും പാർട്ടിയെ തുണയ്ക്കുമെന്ന് നേതൃത്വം കരുതിയിരുന്നു.

2014- യുസിഒ ബാങ്കിൻ്റെ ചീഫ് മാനേജരായിരിക്കെ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കാൻ ജോലിയിൽ നിന്നും സ്വയം വിരമിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ നേതാവാണ് ഓംപ്രകാശ്. കർഷക സമരത്തിൽ സജീവമായി പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളിലും ഭാഗമായിരുന്നു. രാഷ്ട്രീയേതര സംഘടനയായ ജൻ സംഘർഷ് സമിതിയുടെ നേതാവ് കൂടിയാണ് ഇദ്ദേഹം. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ ഓം പ്രകാശിനായിരുന്നു മുന്നേറ്റം. എന്നാൽ വളരെ പെട്ടെന്ന് തന്നെ ലീഡ് തിരിച്ചുപിടിക്കാൻ ഘനശ്യാമിന് സാധിച്ചു. ഒടുവിൽ തുടർച്ചയായ അഞ്ചാം തവണയും ഘനശ്യാം വിജയം ഉറപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഇത്തവണ അനുകൂല സാഹചര്യം ആയിരുന്നിട്ടും വെറും 35 ഓളം സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങി. കഴിഞ്ഞ തവണ 42 സീറ്റുകൾ നേടിയ ബി ജെ പി 47 ഓളം സീറ്റുകൾ നേടിയാണ് സംസ്ഥാനത്ത് അധികാരത്തുടർച്ച ഉറപ്പാക്കിയത്. 2019 ൽ സംസ്ഥാനത്ത് കിങ് മേക്കറായിരുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെ പിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.
ജാട്ട് ഇതര വോട്ടുകൾ നേടാനായതും താഴെ തട്ടിലിറങ്ങിയുള്ള പ്രവർത്തനത്തിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാനായതും സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്തു. അതേസമയം ജാട്ട് വോട്ടുകൾ മാത്രം ലക്ഷ്യം വെച്ച് നടത്തിയ നീക്കങ്ങളും ഉൾപ്പാർട്ടി തർക്കങ്ങളും വിമതരുമെല്ലാമാണ് കോൺഗ്രസിന് തിരിച്ചടി സമ്മാനിച്ചത്.












Click it and Unblock the Notifications