ഹരിയാന 'കൈവിട്ടത്' എന്തുകൊണ്ട്; കോൺഗ്രസിന് തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
10 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമെന്നും കൂറ്റൻ വിജയം നേടുമെന്നുമായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. കോൺഗ്രസിന് 64 സീറ്റുകൾ വരെ ചില സർവ്വെകൾ പ്രവചിച്ചിരുന്നു. എന്നാൽ എക്സിറ്റ് പോളുകളെയെല്ലാം കാറ്റിൽപറത്തിക്കൊണ്ട് ഹരിയാനയിൽ ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. 47 ഓളം സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.
2014 മുതൽ ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നിട്ടും എന്തുകൊണ്ട് കോൺഗ്രസിന് അത് മുതലെടുത്ത് അധികാരം നേടാൻ സാധിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ജാട്ട് വോട്ടുകളിൽ മാത്രം ശ്രദ്ധയൂന്നിയുള്ള പ്രചരണവും കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങളുമടക്കം ഹരിയാന 'കൈവിടാൻ' കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദമായി പരിശോധിക്കാം.

ശക്തമായ പ്രചാരണം
ഭരണവിരുദ്ധ വികാരം ശക്തമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ അതിശക്തമായ പ്രചരണമായിരുന്നു സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ പിന്തുണ പാർട്ടിക്കുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി തുടക്കം മുതൽ തന്നെ ആർഎസ്എസിന്റെ പിന്തുണ ഉറപ്പാക്കിയായിരുന്നു താഴെതട്ടിലുള്ള പ്രചരണം. ഇതിനായി 150 ഓളം പേരേയും ചുമതലപ്പെുത്തിയിരുന്നു. സർക്കാരിന്റെ വികസനങ്ങൾ, നയങ്ങൾ , ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ വിശദീകരിച്ചായിരുന്നു പ്രചരണം കൊഴുപ്പിച്ചത്. ഇതെല്ലാം ഗുണം ചെയ്തെന്ന് വേണം വിലയിരുത്താൻ
നഗര മേഖലകളിലെ പിന്തുണ
ലോക്സഭ തിരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേസമയം കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചു. നേട്ടം ആവർത്തിക്കാമെന്ന കോൺഗ്രസ് മോഹം ഇക്കുറി പൊലിഞ്ഞു. ശക്തമായ സ്വാധീനമുള്ള നഗരമേഖകൾക്കൊപ്പം ഗ്രാമീണ മേഖലയിലെ വോട്ടുകളും ബിജെപിക്ക് നേടാൻ സാധിച്ചു.
ജാട്ട് വോട്ടുകൾക്ക് പിറകെ പോയി
കോൺഗ്രസും ഭൂപീന്ദർ സിംഗ് ഹൂഡയും ജാട്ട് വോട്ടുകൾക്ക് പിറകെ പോയപ്പോൾ ജാട്ട് ഇതര വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസിന് ഭരണം ലഭിച്ചാൽ ജാട്ട് വിഭാഗക്കാരനായ ഭൂപേന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയാകുമെന്ന തോന്നലും ജാട്ട് ഇതര വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകാൻ കാരണമായി.
പണി കൊടുത്ത് വിമതരും
സംസ്ഥാനത്ത് ബിജെപിയാണ് കൂറ്റൻ വിജയം സ്വന്തമാക്കിയതെങ്കിലും വോട്ട് വിഹിതത്തിൽ കോൺഗ്രസ് ആണ് മുൻപിൽ. ബിജെപിക്ക് ഇതുവരെ 39.29 ശതമാനം വോട്ടുകൾ മാത്രം നേടാനാണ് സാധിച്ചത്. അതേസമയം കോൺഗ്രസിന്റെ വോട്ട് വിഹിതം 40.25 ശതമാനമാണ്. പല മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഇവിടങ്ങളിൽ കോൺഗ്രസ് വിമതരാണ് പാർട്ടിക്ക് തിരിച്ചടി നൽകിയത്.
കോൺഗ്രസ് വിമതർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെയായിരുന്നു ബിജെപി മത്സരിപ്പിച്ചത്. ഇത് വോട്ട് ഭിന്നിക്കാനും കാരണമായി. സ്വതന്ത്രർ മാത്രമല്ല ആം ആദ്മിയും കോൺഗ്രസിന് വെല്ലുവിളിയായി. തനിച്ചായിരുന്നു ഇരുപാർട്ടികളും മത്സിച്ചത്. കോൺഗ്രസ് വോട്ടുകളിൽ ആം ആദ്മിയും വിള്ളൽ വീഴ്ത്തിയെന്നാണ് വിലയിരുത്തുന്നത്.
മോഹം തകർത്തത് ഉൾപാർട്ടി തർക്കങ്ങൾ
2019 ലെ നിയമസഭയ തിരഞ്ഞെടുപ്പിൽ 31 സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഇത്തവണ പാർട്ടിക്ക് മുന്നേറാനായത് വെറും 35 ഓളം സീറ്റുകളിലാണ്. അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4 സീറ്റുകൾ അധികം. ആഭ്യന്തര തർക്കങ്ങളാണ് കോൺ്രഗ്രസിന് വെല്ലുവിളിയായത്. മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ പക്ഷവും ദളിത് നേതാവായ കുമാരി സെൽജ പക്ഷവും തമ്മിലായിരുന്നു തർക്കം ഉടലെടുത്തത്. സ്ഥാനാർത്ഥി നിർണയം മുതൽ ഇരുവിഭാഗങ്ങളും തമ്മിൽ കാര്യങ്ങൾ പരസ്യ പോരിലേക്ക് എത്തിയിരുന്നു. ഒടുവിൽ ഹൈക്കമാന്റ് ഇടപെട്ടായിരുന്നു പരിഹാരം കണ്ടെത്തിയത്. ഇതോടെ ഒരുമിച്ച് നീങ്ങുമെന്ന് ഇരുകൂട്ടരും പറഞ്ഞെങ്കിലും അത് വാക്കിൽ മാത്രം ഒതുങ്ങിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന.












Click it and Unblock the Notifications