'കോൺഗ്രസിന് നന്ദി പറയുന്നു, തിരഞ്ഞെടുപ്പിൽ സീറ്റ് തന്നത് കൊണ്ട് മാത്രമല്ല'; വിനേഷ് ഫോഗട്ട്
ഡൽഹി: ഹരിയാനയിലെ ജിന്ദ് മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമുള്ളപ്പോഴാണ് വിനേഷ് ഫോഗട്ട്, സഹ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്‌ക്കൊപ്പം കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 5 നാണ്, സെപ്റ്റംബർ 12 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.
പാർട്ടിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ, ജുലാന നിയമസഭാ മണ്ഡലത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിനേഷ് ഫോഗട്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിംഗ് പ്രസിഡൻ്റായി പുനിയയെ നിയമിച്ചു. രണ്ട് പേരും അന്നുതന്നെ ൻ റെയിൽവേയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടുള്ള ബി ജെ പിക്കെതിരെ ആഞ്ഞടിച്ചാണ് വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്ക് എത്തുന്നത്. തങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബി ജെ പി ഒഴികെയുള്ള എല്ലാ പാർട്ടികളും പിന്തുണയുമായി എത്തിയെന്നും തങ്ങളുടെ വേദനയും കണ്ണീരും മനസ്സിലാക്കാൻ മറ്റ് പാർട്ടികൾക്ക് കഴിഞ്ഞെന്നും അവർ പറഞ്ഞു.
രാജ്യം വിടേണ്ടി വരുമെന്ന് കരുതിയപ്പോൾ കരുത്ത് തന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ഗുസ്തിയിലൂടെ ആണെന്നും കോൺഗ്രസിന് നന്ദി പറയുന്നുവെന്നും വിനേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ സീറ്റ് തന്നത് കൊണ്ട് മാത്രമല്ല തങ്ങൾ തെരുവിലിരുന്നപ്പോൾ പ്രിയങ്ക ഗാന്ധി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വിനേഷ് പറഞ്ഞു.
ഡൽഹിയിലെ തെരുവിൽ ഞങ്ങളെ വലിച്ചിഴച്ച ദിവസം ഇന്നും എനിക്ക് മറക്കാൻ കഴിയുന്നില്ല, ആ വിഷമഘട്ടത്തിൽ ഞങ്ങളുടെ ജ്യേഷ്ഠൻ ദീപേന്ദർ ഹൂഡ ജി ഞങ്ങൾക്കൊപ്പം നിൽക്കുകയും ഞങ്ങൾക്ക് ധൈര്യം നൽകുകയും മാത്രമല്ല വളർത്തിയെടുക്കുകയും ചെയ്തുവെന്ന് വിനേഷ് തൻ്റെ പ്രതിഷേധ അനുഭവം അനുസ്മരിച്ചു. രാജ്യത്തിൻ്റെ പെൺമക്കളോട് ചെയ്യുന്ന അനീതിക്കെതിരെ അദ്ദേഹം ശക്തമായി ശബ്ദമുയർത്തി.
" ഈ പുതിയ യാത്ര എനിക്ക് രാഷ്ട്രീയം മാത്രമല്ല, സേവനത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്," അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications