ദളിത് ബാലനെ കൊന്നതല്ല, ആത്മഹത്യ ചെയ്തതെന്ന് ഹരിയാന മുഖ്യമന്ത്രി
ദില്ലി: ഹരിയാനയില്‍ ദളിത് ബാലനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ചുകൊന്നു എന്ന ആരോപണത്തില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്ത്. കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് ഖട്ടറിന്റെ വിശദീകരണം. ഇതില്‍ ജാതിപ്രശ്നം ഒന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു.
പ്രാവുകളെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഗോവിന്ദ എന്ന കൗമാരക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അടുത്ത ദിവസം കുട്ടിയുടെ മൃതദേഹം റോഡരികില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് ഗോവിന്ദയെ മര്‍ദ്ദിച്ചു കൊന്നതിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി. ഗോവിന്ദയുടെ മരണത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് റോഡും റെയില്‍ പാതയും ഉപരോധിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഖട്ടറിന്റെ പ്രസ്താവന വരുന്നത്. കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ. സംസ്ഥാനത്ത് നിലവില്‍ ഒരു ക്രമസമാധാന പ്രശ്‌നവും ഇല്ലെന്നും ഖട്ടര്‍ പറഞ്ഞു.
ഗോവിന്ദയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ വ്യക്തതവരൂ എന്നാണ് അധികൃതരുടെ പക്ഷം.












Click it and Unblock the Notifications