ജുലാനയില്‍ തീപ്പാറും പോരാട്ടം, വിനേഷ് ഫോഗട്ടിന് വെല്ലുവിളി മൂന്നിടങ്ങളില്‍; കോണ്‍ഗ്രസിലും ഭിന്നത
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണത്തെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ജുലാനയില്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. എന്നാല്‍ ജുലാന വെല്ലുവിളികള്‍ നിറഞ്ഞ ഭൂമിയാണ് വിനേഷിന്. ഗോദയിലെ പോരാട്ടം തന്നെ ഇവിടെയും പുറത്തെടുക്കേണ്ടി വരും.
വിനേഷിന്റെ പ്രചാരണങ്ങള്‍ ഗംഭീരമാണ്. പക്ഷേ ഇവിടെ മറ്റ് പാര്‍ട്ടികള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജൂലാന ജാട്ട് ഹൃദയഭൂമിയിലെ സുപ്രധാന സീറ്റാണ്. ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് അടക്കം ഉയര്‍ത്തിയാണ് വിനേഷിന്റെ പ്രചാരണം. ജനപ്രിയ മുഖമെന്ന പ്രതിച്ഛായ ഉണ്ടാക്കാനും വിനേഷിന് ഫോഗട്ടിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിനാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേരുന്നത്. തുടര്‍ന്ന് ജൂലാനയില്‍ നിന്ന് വിനേഷ് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടി ഇവിടെ കവിത ദലാലിനെ മത്സരിക്കുന്നുണ്ട്. മുന്‍ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരമാണ് കവിത ദലാല്‍. ജാട്ടുകളിലെ ദലാല്‍ ഗോത്രത്തിന്റെ വലിയ പിന്തുണ തന്നെ കവിത ദലാലിനുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആറോളം ഗ്രാമങ്ങളിലാണ് ഈ വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ളത്.
എഎപി മാത്രമല്ല ജനനായക് ജനത പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ ഇവിടെ മത്സരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സുരീന്ദര്‍ ലാഥറിനെയും ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. സുരീന്ദര്‍ ലാഥര്‍ ഹരിയാനയിലെ പ്രമുഖ ലാഥര്‍ ഗോത്രത്തിന്റെ പിന്തുണയുള്ള നേതാവാണ്. നാല് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഈ മത്സരം ജുലാനയിലെ പോരാട്ടത്തെ അപ്രവചനീയമാക്കി മാറ്റുകയാണ്.
നാല് സ്ഥാനാര്‍ത്ഥികളും ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. വോട്ട് ഭിന്നിച്ച് പോകാനുള്ള സാഹചര്യം കൂടുതലാണ്. ജുലാനയില്‍ 8000 ജാട്ട് വോട്ടുകള്‍ ഉണ്ട്. ബിജെപിയുടെ ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയില്‍ നിന്നും വിനേഷ് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഇയാള്‍ ജാട്ട് ഇതര സ്ഥാനാര്‍ത്ഥിയാണ്. ഒബിസിയും പട്ടികജാതി വിഭാഗവും, ബ്രാഹ്‌മണരും ബൈരാഗിക്ക് പിന്തുണ നല്‍കുന്നുണ്ട്. ബൈരാഗിക്ക് വലിയ ജനപിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്.
കൊവിഡ് കാലത്തും, ചെന്നൈ പ്രളയകാലത്തുമുള്ള ബൈരാഗിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ടിക്കറ്റ് നിഷേധിച്ചവരും വിനേഷിനെതിരെയാണ്. പ്രാദേശിക രനേതാക്കളില്‍ പലരും പ്രചാരണത്തില്‍ സജീവമല്ല. മുന്‍ എംഎല്‍എ പര്‍മീന്ദര്‍ ധുല്‍, ധര്‍മേന്ദര്‍ ധുല്‍, രോഹിത് ദലാല്‍ എന്നിവര്‍ വിനേഷിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഐഎന്‍എല്‍ഡിയുടെ ശക്തികേന്ദ്രമാണ് ജുലാന. 2000, 2005 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ ഷേര്‍ സിംഗ് ഇവിടെ വിജയിച്ചിരുന്നു. 2009, 2014 വര്‍ഷങ്ങളില്‍ ഐഎന്‍എല്‍ഡി സീറ്റ് തിരിച്ചുപിടിച്ചു. 2019ല്‍ ജെജെപിയുടെ അമര്‍ജിത്ത് ധന്തയാണ് ഇവിടെ വിജയിച്ചത്. വിനേഷിന്റെ ഭര്‍ത്താവ് ജൂലാനയില്‍ നിന്നുള്ളയാളാണ്. അതുകൊണ്ട് വേഗത്തില്‍ ജനപ്രിയമാകാന്‍ വിനേഷിന് സാധിച്ചിട്ടുണ്ട്. പക്ഷേ കടുത്ത മത്സരത്തെ അവര്‍ നേരിടേണ്ടി വരും.












Click it and Unblock the Notifications