ഡോക്ടര്‍മാര്‍ മേക്കപ്പിടേണ്ട.. ജീന്‍സും ബാക്ക്‌ലെസ് ടോപ്പും വേണ്ട; ഡ്രെസ് കോഡുമായി ഹരിയാന
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ യൂണിഫോം ധരിക്കുന്നതിനാല്‍ അവരെ തിരിച്ചറിയാം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരെ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.

ചണ്ഡീഗഢ്: സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രെസ് കോഡ് ആവിഷ്‌കരിച്ച് ഹരിയാന സര്‍ക്കാര്‍. ഡെനിം ജീന്‍സ്, പലാസോ പാന്റ്സ്, ബാക്ക്ലെസ് ടോപ്പുകള്‍, പാവാട എന്നിവ ധരിക്കുന്നത് നിരോധിച്ച് കൊണ്ടാണ് പുതിയ ഡ്രെസ് കോഡ് ഹരിയാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വനിതാ ഡോക്ടര്‍മാര്‍ മേക്കപ്പ് ധരിക്കരുത് എന്നും നിര്‍ദേശമുണ്ട്.
വനിതാ ഡോക്ടര്‍മാര്‍ ആഭരണങ്ങളും ധരിക്കരുത്. നഖം നീളത്തില്‍ വളര്‍ത്തുന്നതിനും വനിതാ ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണമുണ്ട്. പുരുഷ ഡോക്ടര്‍മാര്‍ ഷര്‍ട്ടിന്റെ കോളറിനേക്കാള്‍ നീളത്തില്‍ മുടി വളര്‍ത്തരുത്. ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കിയ നയം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബാധകമാണ്.
ഡ്രെസ് കോഡ് പാലിക്കാത്തവരെ ഡ്യൂട്ടിയില്‍ നിന്ന് വിലക്കുകയും കര്‍ശന നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ് എന്നും അതുകൊണ്ടാണ് സ്റ്റാഫുകള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നത് എന്നും ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.
ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ ആശുപത്രി ജീവനക്കാര്‍ ഡ്രസ് കോഡ് പാലിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു എന്നും അനില്‍ വിജ് പറഞ്ഞു. അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നും അനില്‍ വിജ് പറഞ്ഞു.

ഇത് രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കും എന്നും അനില്‍ വിജ് അവകാശപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ പോകുമ്പോഴെല്ലാം ആശുപത്രി ജീവനക്കാരെ തിരിച്ചറിയാം എന്നും എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരെ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാര്‍, വാഹന ഡ്രൈവര്‍മാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, അടുക്കള ജീവനക്കാര്‍ എന്നിവര്‍ക്കും ഡ്രസ് കോഡ് ഏര്‍പ്പെടുത്തും. ഇവരോടും ശരിയായി യൂണിഫോം ധരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ പേരും പദവികളും അടങ്ങിയ നെയിം ടാഗുകള്‍ നിര്‍ബന്ധമായും ധരിക്കണം.
കളര്‍-കോഡിനേറ്റഡ് ഡ്രസ് കോഡ് യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സിവില്‍ സര്‍ജന്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം പുതിയ ഡ്രെസ് കോഡില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം എന്നാണ് ഹരിയാന സിവില്‍ സര്‍വീസ് മെഡിക്കല്‍ സര്‍വീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ വീരേന്ദര്‍ ധാണ്ഡെ പറയുന്നത്.












Click it and Unblock the Notifications