
കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു, 6 പേര്‍ കൊല്ലപ്പെട്ടു
ദില്ലി: ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അതേസമയം എന്താണ് അപകടത്തിന് കാരണമെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹെലികോപ്ടറില്‍ എത്ര പേരുണ്ടെന്നും വ്യക്തമായിട്ടില്ല. മലയുടെ മുകളിലാണ് വിമാനം തകര്‍ന്ന് വീണത്.
എഎന്‍ഐ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗരുഡ് ചാട്ടിക്ക് സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ തീര്‍ത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേദാര്‍നാഥില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്. ഗുപ്തകക്ഷിയിലെ ഫട്ടാ ഹെലിപാഡില്‍ നിന്നാണ് ആര്യന്‍ എവിയേഷന്റെ ഹെലികോപ്ടര്‍ പുറപ്പെട്ടത്. കേദാര്‍നാഥിലേക്ക് യാത്രയിലായിരുന്നു ഈ ഹെലികോപ്ടര്‍. 33 കിലോമീറ്റര്‍ യാത്രയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.
ഗരുഡ് ചട്ടിയില്‍ എത്തിയപ്പോള്‍ ഹെലികോപ്ടറിന് മുകളില്‍ തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ എന്താണ് തീപ്പിടുത്തതിന് കാരണം എന്ന് അറിഞ്ഞിട്ടില്ല. അതേസമയം കേദാര്‍നാഥ് യാത്രയില്‍ കാലാവസ്ഥ ഒട്ടും പ്രവചിക്കാനാവാത്തതാണ്. പലരും കാല്‍നടയായിട്ടാണ് പോകുന്നത്. എന്നാല്‍ ഹെലികോപ്ടര്‍ സര്‍വീസിന് പണം മുടക്കാന്‍ സാധിക്കുന്നവര്‍ ആ വഴിയാണ് തിരഞ്ഞെടുക്കാറുള്ളത്.
അതേസമയം മോശം കാലാവസ്ഥയും, വിസിബിളിറ്റി പ്രശ്‌നങ്ങളുമാണ് ഹെലികോപ്ടര്‍ ഇടിച്ചിറങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര വ്യോമയാന മന്ത്രി സംഭവത്തില്‍ അനുശോചനം അറിയിച്ചു. ദുരന്ത സ്ഥലത്തെ കാര്യങ്ങള്‍ ഓരോ നിമിഷവും അന്വേഷിക്കുന്നുണ്ടെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.