ജാർഖണ്ഡ് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ദ് സോറൻ
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപെയ് സോറൻ രാജിവെച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് ഹേമന്ദ് സോറൻ വീണ്ടും അധികാരമേൽക്കുന്നത്. ജുലൈ 7 നായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇതിനിടയിലാണ് തിടുക്കപ്പെട്ടുള്ള നടപടി.
സർക്കാർ രൂപീകരിക്കാൻ ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഗവർണർ ക്ഷണിച്ചതിന് പിന്നാലെ ചംപെയ് സോറന്റെ വീട്ടിൽ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ജെ എം എം, കോൺഗ്രസ്, ആർ ജെ ഡി എം എൽ എമാരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. യോഗം ഹേമന്ത് സോറനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഇതിന് പിന്നാലെ രാജ്ഭവനിൽ എത്തി നിലവിലെ മുഖ്യമന്ത്രി ചംപെയ് സോറൻ ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. 'ഹേമന്ത് സോറൻ മടങ്ങി വരുന്ന സാഹചര്യത്തിൽ മുന്നണിയാണ് എന്റെ രാജി സംബന്ധിച്ച തീരുമാനം എടുത്തത്. ഹേമന്ത് മുഖ്യമന്ത്രിയാകും എന്നാണ് യോഗ തീരുമാനം', രാജിക്ക് പിന്നാലെ ചംപയ് സോറൻ വ്യക്തമാക്കി. നിലവില്‍ ഹേമന്ത് സോറന്‍ ജെ എ എമ്മിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. രാജിവെച്ച ചംപെയ് സോറനെ ഈ സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്നാണ് സൂചന.

ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നത് ഉൾപ്പെടെ മൂന്ന് കേസുകളായിരുന്നു ഹേമന്തിനെതിരെ ഇഡി ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ചംപെയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ ഹേമന്തിന് ജാമ്യം ലഭിച്ചു. കള്ളപ്പണം വെളുപ്പിച്ചതിനു തെളിവില്ലെന്ന് ഹേമന്ത് സോറന് ജാമ്യം നൽകി ജസ്റ്റിസ് രംഗൻ മുഖോപാധ്യായ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും ഹേമന്തിനെ മുഖ്യമന്ത്രിയാക്കാൻ ജെ എം എം നിയമസഭ കക്ഷിയോഗത്തിൽ തീരുമാനമായത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായുള്ള ഹേമന്ത് സോറന്റെ മൂന്നാമത്തെ സത്യപ്രതിജ്ഞയാണിത്. ഒക്ടോബറിൽ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹേമന്ത് വീണ്ടും അധികാരത്തിലേറുന്നതെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications