നരേന്ദ്ര മോദിയുടെ ബിജെപിക്ക് പിന്നില്‍ അണിനിരന്ന് ഹിന്ദി ഹൃദയ ഭൂമി: ബിജെപിയെ കൈവിട്ട് ദക്ഷിണേന്ത്യ!
ദില്ലി: രാജ്യമെമ്പാടും ഉറ്റു നോക്കിയ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2014ല്‍ 543 സീറ്റില്‍ ഒറ്റയ്ക്ക് 282 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബിജെപി ഇത്തവണ ഭൂരിപക്ഷം 300 സീറ്റ് കടന്നു.
മോദിയെ പുറത്താക്കാന്‍ ഓടിനടന്ന നായിഡുവിന് വന്‍ തിരിച്ചടി; ആന്ധ്രയില്‍ അധികാരം നഷ്ടപ്പെട്ടു
ദക്ഷിണേന്ത്യ ബിജെപിയെ കൈവിട്ടപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ശക്തമായ പിന്തുണ നല്‍കി. രാജസ്ഥാനിലെ 25 സീറ്റുകളില്‍ 23 സീറ്റുകളിലും ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. കര്‍ഷക പ്രതിഷേധം കാരണം വന്‍ തിരിച്ചടി നേരിടുമെന്ന് ബിജെപി ഭയന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

ചലനം സൃഷ്ടിക്കാനായില്ലെന്ന്
മധ്യപ്രദേശിന്റെ കാര്യമെടുത്താല്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ പ്രതിപക്ഷ സഖ്യങ്ങള്‍ക്കായില്ലെന്ന് കാണാം. 29 മണ്ഡലങ്ങളില്‍ 27 ഇടത്തും ബിജെപി മുന്നേറുന്നു. ആദ്യ മണിക്കൂറിലെ ഫലം ശ്രദ്ധിക്കുമ്പോള്‍ എസ്.പി-ബിഎസ്പി കൂട്ടുകെട്ടിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. സംസ്ഥാനത്തെ രണ്ട് സീറ്റില്‍ മാത്രം മുന്നിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിന് മറ്റു സീറ്റുകളില്‍ കൃത്യമായ ലീഡ് പോലുമില്ല.

ബിജെപിക്ക് മുന്നേറ്റം
80 സീറ്റുകളുമായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 53 സീറ്റുകളില്‍ ബിജെപി മുന്നേറുന്ന കാഴ്ചയാണ് നിലവില്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 15 സീറ്റുകളില്‍ പിറകിലേക്ക് പോയെങ്കിലും സംസ്ഥാനത്ത് ബിജെപിക്ക് കൃത്യമായ മുന്‍തൂക്കമുണ്ട്. ബിഎസ്.പി 14, എസ്.പി 9, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ലീഡ് നില. കൂടാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് യുപിയില്‍ മാത്രമാണ് ചലനമുണ്ടാക്കാനായത്. ചത്തീസ്ഗഡില്‍ ആകെയുള്ള 11 സീറ്റുകളില്‍ എട്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. മൂന്നിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിഎസ്പിയും മുന്നിലുണ്ട്.

ബിജെപിയെ തുണച്ചത്
2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാജസ്ഥാന്‍, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഇത്തവണയും ബിജെപിയെ തുണച്ചു എന്ന് പറയാം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കോ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്കോ പ്രതിപക്ഷ ഐക്യത്തിനോ ഹിന്ദി ഹൃദയ ഭൂമിയില്‍ ചുവടുറപ്പിക്കാനായില്ല.