ചരിത്ര തീരുമാനം; അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ അണിനിരക്കുന്നത് വനിതകള്‍ മാത്രം
ദില്ലി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ചിംഗ് സംഘങ്ങള്‍, ബാന്‍ഡുകള്‍ മുതല്‍ ടാബ്ലോ അടക്കം വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ ശാക്തികരണം പ്രാതിനിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.
പ്രതിരോധ മന്ത്രാലയം സായുധ സേനകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2024ലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രമേ പങ്കെടുക്കൂ എന്നാണഅ് തീരുമാനം- കേന്ദ്രം വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിപ്പബ്ലിക്ക് ദിനപരേഡില്‍ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച് വന്നിരുന്നു. പെണ്‍കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷം സംഘടിപ്പിച്ച കേരളത്തിന്റെ നിശ്ചലദൃശ്യം. 2015ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്ന് ഒരു മുഴുവന്‍ വനിത സംഘവും അണിനിരന്നിരുന്നു. 2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിത ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി ചരിത്രം കുറിച്ചിരുന്നു.
റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ സൈനിക ശക്തിയെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും നേട്ടങ്ങളുടെയും ഒരു പ്രദര്‍ശനമാണ്, ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കൂടാതെ ടി വിയില്‍ ലക്ഷക്കണക്കിന് പേരാണ് റിപ്പബ്ലിക്ക് ദിന പരേഡ് വീക്ഷിക്കാറുള്ളത്. റിപ്പബ്ലിക്ക് ദിന പരേഡില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍, സായുധ സേനയിലും മറ്റ് മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യത്തിനും നേതൃത്വത്തിനും നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടതാണ്. പ്രതിരോധ സേനകളും അര്‍ദ്ധസൈനിക വിഭാഗങ്ങളും കൂടുതലായി സ്ത്രീകളെ കണ്ടിജന്റ് കമാന്‍ഡര്‍മാരായും ഡെപ്യൂട്ടി കമാന്‍ഡര്‍മാരായും തിരഞ്ഞെടുക്കുന്നു.












Click it and Unblock the Notifications