ഇത് നാണക്കേട്, വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്: വിശദീകരിച്ച് ഇന്ത്യയും
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഡൊണാൾഡ് ട്രംപ് ഇന്ത്യ-പാക് സംഘർഷത്തെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നതായി വിശേഷിപ്പിച്ചു. 'അവർ (ഇന്ത്യയും പാകിസ്താനും) വളരെക്കാലമായി പോരാടുകയാണ്. എന്തോ സംഭവിക്കാൻ പോകുന്നുണ്ടെന്ന് ആളുകൾക്ക് അറിയാമായിരുന്നു. ഇത് നാണക്കേടാണ്, ഞങ്ങൾ ഓവൽ ഓഫീസിന്റെ വാതിലിലൂടെ കടക്കുമ്പോൾ ഇതിനെക്കുറിച്ച് കേട്ടു. ഇത് വളരെ വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ നടപടിയെ നേരിട്ട് അപലപിക്കുകയോ പിന്തുണക്കുകയോ ചെയ്തില്ല. പാകിസ്ഥാന്‍-ഇന്ത്യ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാട് ഈ വിഷയത്തിലും പിന്തുടരുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ച് ഇന്ത്യയുടെ നടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

യു കെ, സൗദി അറേബ്യ, യു എ ഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ അവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്റെ പശ്ചാത്തലവും ലക്ഷ്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരരുടെ പങ്കിനെക്കുറിച്ചുള്ള വിശ്വസനീയമായ തെളിവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അമേരിക്കയിലെ ഇന്ത്യന്‍ എംമ്പസിയുടെ പ്രതികരണം. പാകിസ്താൻ ഭീകരർക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, പകരം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും എംബസി ആരോപിച്ചു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഓപ്പറേഷൻ സിന്ദൂർ "കൃത്യവും നിയന്ത്രിതവുമായ" പ്രതികരണമായിരുന്നു. പാകിസ്താനിലെ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആക്രമമത്തില്‍ ജെയ്ഷ്-ഇ-മുഹമ്മദ് പോലുള്ള ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ വലിയ രീതിയില്‍ നശിപ്പിക്കപ്പെട്ടു. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ വ്യോമമേഖലയിൽ നിന്ന് തന്നെയാണ് ആക്രമണങ്ങൾ നടത്തിയതെന്നും, പാകിസ്താന്റെ സൈനിക, സാമ്പത്തിക, അല്ലെങ്കിൽ സിവിലിയൻ സ്ഥാപനങ്ങൾ ഒഴിവാക്കിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒമ്പത് ഇടത്ത് ഇന്ത്യ ആക്രണം നടത്തിയതായി പറയുമ്പോള്‍ ബഹവൽപൂർ, കോട്‌ലി, മുസാഫറാബാദ് എന്നിവിടങ്ങലിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പ്രസ്താവനയിൽ പറയുന്നു. എല്ലാ ആക്രമണങ്ങളും ഇന്ത്യൻ വ്യോമമേഖലയിൽ നിന്നാണ് നടത്തിയതെന്നും, പാകിസ്താൻ തങ്ങളുടെ സമയവും സ്ഥലവും തിരഞ്ഞെടുത്ത് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ഐ എസ് പി ആർ പറഞ്ഞു.












Click it and Unblock the Notifications