ലോക്‌സഭാ സ്പീക്കര്‍ പദവി പവര്‍ഫുള്‍; തിരഞ്ഞെടുപ്പ് എങ്ങനെ, അധികാരം എന്തെല്ലാം എന്നിവ അറിയാം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. ജെഡിയു, ടിഡിപി എന്നീ കക്ഷികളെ ചേര്‍ത്ത് സഖ്യസര്‍ക്കാരുണ്ടാക്കിയാണ് ബിജെപി ഭരണം ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 24ന് 18ാം ലോക്‌സഭയുടെ മഴക്കാല സമ്മേളനം തുടങ്ങുകയാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് സമ്മേളനകാലത്ത് ഏറെ ശ്രദ്ധേയം. ആരാകും ലോക്‌സഭയുടെ അടുത്ത സ്പീക്കര്‍?
പാര്‍ലമെന്റിലെ സുപ്രധാന പദവിയാണ് ലോക്‌സഭാ സ്പീക്കറുടേത്. അതുകൊണ്ടുതന്നെ ഈ പദവി വിട്ടുകൊടുക്കാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. ടിഡിപിയെയും ജെഡിയുവിനെയും പിണക്കാതെ വിഷയത്തില്‍ പരിഹാരത്തിന് ശ്രമിക്കുകയാണ് ബിജെപി. അതേസമയം, ബിജെപിക്ക് സ്പീക്കര്‍ പദവി കൂടി ലഭിക്കുന്നത് സഖ്യകക്ഷികള്‍ ആശങ്കയോടെയാണ് കാണുന്നത് എന്നാണ് വാര്‍ത്തകള്‍. സ്പീക്കര്‍ തിരഞ്ഞെടുപ്പ് എങ്ങനെ, അധികാരം എന്തൊക്കെ എന്ന് വിശദീകരിക്കാം...

543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. ബിജെപിക്ക് 240 അംഗങ്ങളാണുള്ളത്. ടിഡിപിയുടെ 16, ജെഡിയുവിന്റെ 12 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപിയുടെ ഭരണം. കൂടെ ജെഡിഎസ്, അപ്‌നദള്‍, എച്ച്എഎം, ആര്‍എല്‍ഡി തുടങ്ങി ഒട്ടേറെ ചെറുകക്ഷികളുമുണ്ട്. ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെയാണ് സഭാ സമ്മേളനം നടക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 26നും.
പാര്‍ലമെന്റിന് രണ്ട് സഭകളാണുള്ളത്. ലോക്‌സഭയും രാജ്യസഭയും. രാജ്യസഭയുടെ അധ്യക്ഷന്‍ ഉപരാഷ്ട്രപതിയാണ്. ലോക്‌സഭയുടേത് സ്പീക്കറും. ലോക്‌സഭയിലെ അംഗങ്ങള്‍ വോട്ട് ചെയ്താണ് സ്പീക്കറെ തിരഞ്ഞെടുക്കുക. പ്രധാനപ്പെട്ട പാര്‍ട്ടികളുടെ പ്രതിനിധികള്‍ സ്പീക്കര്‍ പദവിയിലേക്ക് മല്‍സരിക്കും. രഹസ്യബാലറ്റ് വഴിയുള്ള വോട്ടെടുപ്പാണ് നടക്കുക. കൂടുതല്‍ വോട്ട് ലഭിക്കുന്ന വ്യക്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും.
ലോക്‌സഭയിലെ ഏത് അംഗത്തിനും സ്പീക്കര്‍ പദവിയിലേക്ക് മല്‍സരിക്കാം. സീനിയോരിറ്റി, പരിചയ സമ്പത്ത്, പക്ഷപാതമില്ലാതെയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗുണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്പീക്കറെ തിരഞ്ഞെടുക്കേണ്ടത്. 2014ല്‍ ബിജെപി നിര്‍ദേശിച്ച സുമിത്ര മഹാജനും 2019ല്‍ ഓം ബിര്‍ളയുമാണ് സ്പീക്കറായത്. രണ്ട് തവണയും ബിജെപിക്ക് മികച്ച ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ലായിരുന്നു.
ലോക്‌സഭ പിരിച്ചുവിടുന്നത് വരെയോ ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്ത് പുറത്താക്കുന്നത് വരെയോ സ്പീക്കര്‍ക്ക് പദവിയില്‍ തുടരാം. രാജിവച്ച് ഒഴിയാനും സാധിക്കും. എംപിമാര്‍ അവരുടെ മണ്ഡലങ്ങളെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതെങ്കില്‍ സ്പീക്കര്‍ സഭയുടെ നാഥനായിട്ടാണ് കരുതപ്പെടുന്നത്. പാര്‍ലമെന്റിന്റെ ചട്ടപ്രകാരം സഭ നടത്തേണ്ട ചുമതല സ്പീക്കറുടേതാണ്.
സഭാ സമ്മേളനം വിളിക്കുക, അംഗങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക, ആരൊക്കെ സഭയില്‍ സംസാരിക്കണമെന്ന് തീരുമാനിക്കുക, ചട്ടലംഘനമില്ലെന്ന് ഉറപ്പാക്കുക, അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുക, ചോദ്യോത്തര വേള നിയന്ത്രിക്കുക എന്നിവയെല്ലാം സ്പീക്കറുടെ ചുമതലയാണ്. സുപ്രധാന ബില്ലുകളില്‍ ഇരുപക്ഷത്തിനും തുല്യമായ വോട്ട് ലഭിക്കുന്ന വേളയില്‍ മാത്രമാകും സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തുക.
ലോക്‌സഭയും രാജ്യസഭയും സംയുക്തമായി യോഗം ചേരുമ്പോഴും അധ്യക്ഷത വഹിക്കുക സ്പീക്കറായിരിക്കും. ക്വാറം തികഞ്ഞില്ലെങ്കില്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. മോശമായി പെരുമാറുന്ന അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കും. പാര്‍ട്ടി മാറുന്ന അംഗങ്ങള്‍ക്കെതിരെ നടപടി വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേതാണ്.
ക്രമിനല്‍ കേസുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കെതിരെ പോലീസ് നടപടി എടുക്കുമ്പോള്‍ സ്പീക്കറുടെ അനുമതി വേണം. സഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക സ്പീക്കറായിരിക്കും. സുപ്രധാനമായ മണി ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ സ്പീക്കര്‍ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയ ഭേദമന്യേയാണ് സ്പീക്കര്‍ സഭയില്‍ പ്രവര്‍ത്തിക്കേണ്ടത്.












Click it and Unblock the Notifications