'മന്‍ കി ബാത്ത്' പുതിയ ഇന്ത്യയെ രൂപപ്പെടുത്തിയതെങ്ങനെ? ശ്രദ്ധേയമായി ഇഗ്നൈറ്റിംഗ് കളക്ടീവ് ഗുഡ്നെസ് പുസ്തകം
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തിന്റെ' 100 എപ്പിസോഡുകള്‍ ആഘോഷിക്കുന്നതിനായി 'ഇഗ്‌നൈറ്റിംഗ് കളക്ടീവ് ഗുഡ്നെസ്: മന്‍ കി ബാത്ത് @ 100' എന്ന പുസ്തകം പുറത്തിറക്കി ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍. 2014 ഒക്ടോബറില്‍ മന്‍ കി ബാത് ആരംഭിച്ചത് മുതലുള്ള പരിപാടിയുടെ ശ്രദ്ധേയമായ യാത്ര രേഖപ്പെടുത്തുന്ന പരമ്പരയിലെ മൂന്നാം ഭാഗമാണ് ഈ പുസ്തകം.
'മന്‍ കി ബാത്ത്' എങ്ങനെയാണ് ഒരു റേഡിയോ പരിപാടി എന്നതിലുപരി രാഷ്ട്രത്തിന്റെ ശബ്ദങ്ങളുടെ വേദിയായി മാറിയതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ പ്രധാനമന്ത്രി എഴുതുന്നു. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ദൈനംദിന തിരക്കുകള്‍ക്കിടയിലും പ്രചോദനാത്മകമായ ജീവിതകഥകള്‍ കൊണ്ടുവരാനുള്ള ഒരു ചെറിയ പരീക്ഷണം രാജ്യത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളവരുടെ, പ്രതിരോധത്തിന്റെ കഥകള്‍ ഉയര്‍ത്തുന്ന ഒരു പ്ലാറ്റ്ഫോമാക്കി പ്രോഗ്രാമിനെ മാറ്റിയതെങ്ങനെ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെയും ഗവേഷകരുടെയും എഴുത്തുകാരുടെയും ഭാവി തലമുറകള്‍ക്കായി ഈ പുസ്തകം ഒരു ചരിത്രരേഖയായി മാറുകയാണ്. പ്രോഗ്രാമിന്റെ സ്വാധീനവും സാധാരണ പൗരന്മാരുടെ ശബ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിന്റെ പങ്കും പര്യവേക്ഷണം ചെയ്യുന്ന ഉപന്യാസങ്ങളുടെയും ലേഖനങ്ങളുടെയും ഒരു ശേഖരമാണ് ഈ പുസ്തകം എന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ ഗവേഷണ വേളയില്‍ നടത്തിയ വ്യക്തിപരമായ ഇടപെടലുകള്‍ക്ക് രചയിതാക്കള്‍ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.
23 കോടിയിലധികം സ്ഥിരം ശ്രോതാക്കളുള്ള മന്‍ കി ബാതിനെ കുറിച്ച് ജനസംഖ്യയുടെ 96% പേര്‍ക്കും അവബോധവുമുണ്ട്. പ്രധാനമന്ത്രിക്ക് പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പ്രധാന വേദിയായി ഇത് വളരെ പെട്ടെന്ന് തന്നെ മാറി.
പ്രധാനമന്ത്രി തന്റെ 'മന്‍ കി ബാത്ത്' എപ്പിസോഡുകളില്‍ പര്യവേക്ഷണം ചെയ്ത വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം 19 അധ്യായങ്ങളുള്ള നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സാമൂഹിക മാറ്റം, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, സ്ഥിതിവിവരക്കണക്കുകള്‍, തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇത് ഉള്‍ക്കൊള്ളുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണാധിപന്‍ അവതരിപ്പിപ്പുന്ന ഏക ദേശീയ സംപ്രേക്ഷണ പരിപാടി എന്ന നിലയില്‍ മന്‍ കി ബാത്തിന് സവിശേഷമായ പാരമ്പര്യമുണ്ട്. സ്ത്രീ ശാക്തീകരണം, ജലസംരക്ഷണം, ശുചിത്വം, സ്വാശ്രയത്വം, ശാസ്ത്രം, ആരോഗ്യം, സംസ്‌കാരം, കായികം തുടങ്ങി നിരവധി വിഷയങ്ങളെ ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.
രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു കൂട്ടായ പ്രഭാഷണം വളര്‍ത്തിയെടുക്കുന്നതില്‍ മോദിയുടെ ശ്രമങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങളുമായുള്ള പ്രധാനമന്ത്രി മോദിയുടെ അസാധാരണമായ ബന്ധമാണ് മന്‍ കി ബാത്ത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം.
മന്‍ കി ബാത് 26 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഈ പരമ്പരയിലെ ആദ്യ പുസ്തകം മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് 2017 മെയ് മാസത്തില്‍ അനാച്ഛാദനം ചെയ്തു. 2019 മാര്‍ച്ചില്‍ 50 എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രണ്ടാമത്തെ പുസ്തകം ഔദ്യോഗികമായി അവതരിപ്പിച്ചത്.












Click it and Unblock the Notifications