മുസ്ലിം എംപിമാരുടെ എണ്ണം വീണ്ടും കുറഞ്ഞു; മല്‍സരിച്ച സീറ്റുകളും കുറവ്... പുതിയ കണക്കുകള്‍
ന്യൂഡല്‍ഹി: 543 അംഗ ലോക്‌സഭയിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ഇതോടെ സഖ്യസര്‍ക്കാരിന് ശ്രമിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. ബിജെപിക്ക് 240 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 234 സീറ്റുകളും കിട്ടി. കോണ്‍ഗ്രസിന് തനിച്ച് 99 സീറ്റുകളേ കിട്ടിയുള്ളൂ. ഇത്തവണ മുസ്ലിം എംപിമാരുടെ എണ്ണം കുറഞ്ഞു എന്നാണ് പുതിയ വിവരം.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന ബിഹാറിലെ ജെഡിയു, ആന്ധ്രയിലെ ടിഡിപി എന്നിവരുടെ നിലപാട് നിര്‍ണായകമാകും. ഇന്ന് എന്‍ഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും യോഗം നടക്കാനിരിക്കുകയാണ്. ടിഡിപിയും ജെഡിയുവും ഉപാധികള്‍ മുന്നോട്ട് വച്ചു എന്നാണ് അനൗദ്യോഗിക വിവരം. ഈ രണ്ട് പാര്‍ട്ടികളും ഏത് ഭാഗത്തേക്കും ചായാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചില സംശയങ്ങള്‍ ബാക്കിയാണ്.

24 മുസ്ലിം എംപിമാരാണ് പുതിയ ലോക്‌സഭയിലുണ്ടാകുക. വിവിധ പാര്‍ട്ടികളില്‍ നിന്ന് 78 മുസ്ലിം സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. 2019ല്‍ 115 മുസ്ലിം സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു. ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ളവരാണ് ജയിച്ച 24ല്‍ ഉള്ളത്. ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് തൃണമൂല്‍ ടിക്കറ്റില്‍ യൂസഫ് പത്താന്‍ എത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബഹറംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പത്താന്‍ മല്‍സരിച്ചത്. അദ്ദേഹത്തിന്റെ കന്നി മല്‍സരമായിരുന്നു ഇത്. കഴിഞ്ഞ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്നു ചൗധരി. അദ്ദേഹത്തിന്റെ തോല്‍വി കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. യുപിയിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ഇമ്രാന്‍ മസൂദ് 64000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുണ്ട്.
യുപിയിലെ കൈരാനയില്‍ സമാജ്‌വാദി ടിക്കറ്റില്‍ മല്‍സരിച്ച ഇഖ്‌റ ചൗധരി ജയിച്ചത് 69000 വോട്ടിനാണ്. ബിജെപിയുടെ പ്രദീപ് കുമാറിനെയാണ് ഈ 29കാരി പരാജയപ്പെടുത്തിയത്. ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് അഫ്‌സല്‍ അന്‍സാരി ജയിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ജയിച്ചത് 3.38 ലക്ഷം വോട്ടിനാണ്.
ലഡാക്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുഹമ്മദ് ഹനീഫ 27000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് കശ്മീരിലെ ബാരാമുല്ലയില്‍ മല്‍സരിച്ച മറ്റൊരു സ്വതന്ത്രന്‍ അബ്ദുല്‍ റാഷിദ് ശൈഖ് 4.7 ലക്ഷത്തിന് ജയിച്ചു. ഇദ്ദേഹം യുഎപിഎ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് എന്നത് എടുത്തു പറയണം. മക്കളാണ് ഇദ്ദേഹത്തിന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്.
കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മിയാന്‍ അല്‍ത്താഫ് അഹമ്മദ് പരാജയപ്പെടുത്തിയത് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ ആണ്. എന്‍സി സ്ഥാനാര്‍ഥിയായ ആഗ സയിദ് റുഹുല്ല മെഹ്ദി ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. യുപിയിലെ റാംപൂരില്‍ എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുഹിബ്ബുല്ല അഞ്ച് ലക്ഷത്തോളം വോട്ട് നേടിയാണ് ജയിച്ചത്.
സാംബാലില്‍ ജയിച്ച സിയാഉര്‍ റഹ്മാന്റെ ഭൂരിപക്ഷം 1.2 ലക്ഷമാണ്. കേരളത്തില്‍ നിന്നുള്ള ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, ഷാഫി പറമ്പില്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള നവാസ് കനി എന്നിവരും ജയിച്ച മുസ്ലിം എംപിമാരാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി വിജയിച്ച രണ്ടാമത്തെ വ്യക്തിയായ റാഖിബുല്‍ ഹുസൈന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. അസമിലെ ധൂബ്രിയില്‍ നിന്ന് 10.12 ലക്ഷം ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. ബംഗാളിലെ ജാംഗിപൂര്‍, ബസിര്‍ഹട്ട്, മുര്‍ഷിദാബാദ്, ഉലുബേരിയ, മല്‍ഡാഹ ദക്ഷിണ്‍, ബിഹാറിലെ കിഷണ്‍ ഗഞ്ച്, കതിഹാര്‍, ലക്ഷദ്വീപ് എന്നീ മണ്ഡലങ്ങളിലും മുസ്ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചു.
2019ല്‍ 26 മുസ്ലിം എംപിമാരാണ് ലോക്‌സഭയിലുണ്ടായിരുന്നത്. 2014ല്‍ 22ഉം. 1980ലെ 49 എന്ന കണക്കാണ് ഏറ്റവും കൂടുതല്‍ മുസ്ലിം എംപിമാര്‍ ലോക്‌സഭയിലെത്തിയ തിരഞ്ഞെടുപ്പ്. ഇത്തവണ എല്ലാ പാര്‍ട്ടികളും മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതില്‍ വിമുഖത കാണിച്ചു. ബിജെപി മല്‍സരിപ്പിച്ച ഏക മുസ്ലിം സ്ഥാനാര്‍ഥി തോറ്റു. ബിഎസ്പി മല്‍സരിപ്പിച്ച 35 പേരും തോറ്റു.












Click it and Unblock the Notifications