ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതോടെ വസ്ത്രധാരണം മാറി; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്
ചെന്നൈ: കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് അടുത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെര്‍നിഷയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മൂലച്ചന്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ജെബ ബെര്‍നിഷ. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്.
ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം ജെബ ബെര്‍നിഷയുടെ വസ്ത്രധാരണത്തില്‍ ഉണ്ടായ മാറ്റത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 15 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് എബിനേസറും ജെബ ബെര്‍നിഷയും.

മൂന്ന് മാസം മുന്‍പാണ് തിരുവനന്തപുരത്ത് ജെബ ബെര്‍നിഷ ബ്യൂട്ടീഷന്‍ കോഴ്‌സിന് ചേര്‍ന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ആയിരുന്നു പരിശീലനം. ട്രെയിനില്‍ ദിവസവും തിരുവനന്തപുരത്ത് പോയി മടങ്ങി വരികയായിരുന്നു ചെയ്തത്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം വസ്ത്രരീതിയില്‍ മാറ്റം വന്നതിനെച്ചൊല്ലി എബിനേസര്‍ ജെബ ബെര്‍നിഷയുമായി വഴക്കിടുക പതിവായിരുന്നു.
ഇക്കാര്യം അറിഞ്ഞ ജെബ ബെര്‍നിഷയുടെ പിതാവ് ജെബസിംഗ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം എബിനേസറും ജെബ ബെര്‍നിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങി. എന്നാല്‍ പാരയ്‌ക്കോട് റോഡില്‍ വച്ച് വീണ്ടും ഇവര്‍ക്കിടയില്‍ വാക്ക് തര്‍ക്കമുണ്ടായി.
പിന്നാലെ പ്രകോപിതനായ എബിനേസര്‍ ഷര്‍ട്ടിനുള്ളില്‍ മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെബ ബെര്‍നിഷയെ ആഞ്ഞ് വെട്ടുകയായിരുന്നു. ജെബ ബെര്‍നിഷയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും എബിനേസര്‍ ഓടി രക്ഷപ്പെട്ടു. അതിനിടെ ബെബ ബെര്‍നിഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ജെബ ബെര്‍നിഷയുടെ തലയ്ക്കായിരുന്നു വെട്ടേറ്റത്. സംഭവം അമറിഞ്ഞ് തക്കല പൊലീസ് സ്ഥലത്തെത്തി. ജെബ ബെര്‍നിഷയുടെ മൃതദേഹം കൈപ്പറ്റി ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
അതിനിടെ വീട്ടില്‍ പോയി ഉറക്കഗുളിക കഴിച്ച് എബിനേസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എബിനേസര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും പിന്നീട് അവിടെ നിന്ന് തുടര്‍ചികിത്സയ്ക്കായി മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും.
ജെബ ബെര്‍നിഷയുടെ പിതാവ് ജെബസിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications