മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല, കർണാടകയിൽ തഗ് ലൈഫ് ഇപ്പോൾ റിലീസ് ചെയ്യുന്നില്ല'; കോടതിയെ അറിയിച്ച് കമൽ ഹാസൻ
കന്നഡ ഭാഷയെ താന്‍ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നും കോടതിയെ അറിയിച്ച് കമല്‍ഹാസന്‍. താന്‍ നടത്തിയ പരാമർശങ്ങള്‍ സദുദ്ധേശപരമായിരുന്നുവെന്നു. വിഷയത്തില്‍ കന്നഡ ഫിലിം ചേമ്പറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കും. അതിന് ശേഷമേ റിലീസ് ചെയ്യുകയുള്ളുവെന്നും കമല്‍ കോടതിയെ അറിയിച്ചു. അതേസമയം ചർച്ചയ്ക്ക് ശേഷം കേസ് ജൂണ്‍ 10 ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
വിവാദത്തിൽ കർണാടക ഹൈക്കോടതി ഇന്ന് രാവിലെ നടനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സിനിമ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതി രൂക്ഷമായി പ്രതികരിച്ചത്. ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ നടപടിയെന്നാണ് കോടതി നിർദ്ദേശിച്ചത്. ഒന്നുകിൽ മാപ്പ് പറയുക അല്ലെങ്കിൽ സിനിമ കർണാടകയിൽ റിലീസ് ചെയ്യുന്നത് മറന്നേക്കുക എന്നായിരുന്നു കോടതിയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് നടൻ കോടതിയെ നിലപാട് അറിയിച്ചത്.

നടന്റെ പ്രസ്താവന അതിരുകടന്നെന്നും കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് കന്നഡ ഹൈക്കോടതി ഇന്ന് വിമർശിച്ചത്. തന്റെ പ്രസ്താവന പിൻവലിക്കാൻ കമൽഹാസൻ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. ' പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല. എന്നാൽ മാപ്പ് അപേക്ഷിക്കാം. നിങ്ങൾ ഒരു സാധാരണക്കാരനല്ല. സംസാരിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നാൽ അതൊരിക്കലും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടാകരുത്. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിങ്ങൾക്ക് നൽകാൻ സാധിക്കില്ല. എന്തായാലും നിങ്ങളുടെ തീരുമാനത്തിന് വിടുകയാണ്. ആരെയെങ്കിലും നിങ്ങൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ക്ഷമ ചോദിക്കണം', കോടതി പറഞ്ഞു.
'നിങ്ങളാണ് പ്രസ്താവന നടത്തിയത്. ആ പ്രസ്താവന പിൻവലിക്കൂ, അങ്ങനെ പിൻവലിച്ചാൽ കോടികൾ നിങ്ങൾക്ക് കർണാടകയിൽ നിന്നും നേടാം. എന്നാൽ ജനങ്ങളെ വേണ്ടെങ്കിൽ വരുമാനവും മറന്നേക്ക്. അതേസമയം ഇത്തരത്തിൽ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്താൻ അനുവദിക്കില്ല. തെറ്റ് പറ്റിയാൽ നിങ്ങൾ പറയേണ്ടത് അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞ് പോയതാണെന്നും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ്', കോടതി പറഞ്ഞു.
വിവാദത്തിന് പിന്നാലെ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം കൂടിയായ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണാടക ഭാഷാ സംഘടനകളും കർണാടക ഫിലിം ചേംബേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമൽഹാസൻ കോടതിയെ സമീപിച്ചത്.
അതേസമയം റിലീസ് തടയുമെന്ന് അറിയിച്ചതിന് പിന്നാലെ ഫിലിം ചേംബർ പ്രസിഡന്റ് നരസിംഹലുവിന് കമൽ ഹാസൻ വിശദമായി കത്തെഴുതിയിരുന്നു. തന്റെ പ്രസ്താവ വളച്ചൊടിച്ചതാണെന്ന് കത്തിൽ കമൽ ഹാസൻ വിശദീകരിച്ചു.
' തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ ഡോ. രാജ്കുമാറിന്റെ കുടുംബത്തോട് പ്രത്യേകിച്ച് ശിവരാജ്കുമാറിനോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ട് താൻ നടത്തിയ പ്രസ്താവന തെറ്റിധരിക്കപ്പെട്ടു. താൻ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വിവാദമുണ്ടാക്കിയത് വളരെയധികം വേദനിപ്പിച്ചു. നാം എല്ലവാരും ഒരേ കുടുംബത്തിൽ നിന്നും വന്നതാണെന്ന് പറയാനാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ കന്നഡയെ ഇകഴ്ത്താനല്ല. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് തർക്കമോ സംവാദമോ ഇല്ല. തമിഴ് പോലെ തന്നെ ഞാൻ കന്നഡയേയും ബഹുമാനിക്കുന്നു.
'എന്റെ കരിയറിൽ ഉടനീളം കന്നഡിഗർ കാണിച്ച സ്നേഹത്തേയും ഊഷ്മളതയേയും ഞാൻ വിലമതിച്ചിട്ടുണ്ട്. കന്നഡ ഭാഷയോടുള്ള എന്റെ സ്നേഹം ആത്മാർത്ഥമാണ്. മാതൃഭാഷയോടുള്ള കന്നഡക്കാരുടെ സ്നേഹത്തിൽ എനിക്ക് വലിയ ബഹുമാനമാണ്', നടൻ പറഞ്ഞു. ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ മുകളിലാണെന്ന ചിന്തയെ ഞാൻ എല്ലാ കാലത്തും എതിർത്ത് പോരുന്നതാണെന്നും തമിഴ്, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങി നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളോടും എനിക്ക് വളരെ അധികം ബഹുമാനവും സ്നേഹവും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്' എന്ന നടന്റെ പ്രസ്താവനയാണ് വിവാദമായത്. തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ് കുമാറിനെ കുറിച്ച് പരാമർശിക്കവെയാണ് കന്നഡയെ കുറിച്ച് നടൻ പ്രതികരിച്ചത്.












Click it and Unblock the Notifications