'ഞാൻ പെൺകുട്ടിക്ക് ഷർട്ട് നൽകി,ചെയ്ത കുറ്റം ആശുപത്രിയിൽ എത്തിച്ചില്ലെന്നത്'; ഓട്ടോ ഡ്രൈവർ
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ ബലാത്സംഗത്തിന് ഇരയായ 12കാരിക്ക് താൻ വസ്ത്രം നൽകിയിരുന്നുവെന്ന് കസ്റ്റഡിയിലായ ഓട്ടോ ഡ്രൈവർ. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ റോഡിൽ വിട്ടു എന്നത് മാത്രമാണു താൻ ചെയ്ത കുറ്റമെന്നും ഡ്രൈവർ രാകേഷ് മാളവ്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
'ഞാൻ അവൾക്ക് കാക്കി ഷർട്ട് നൽകിയിരുന്നു. വീട്ടിൽ പോകണമെന്ന് അവൾ പറഞ്ഞു. എന്നാൽ ഞാൻ അതിന് സഹായിച്ചില്ല. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു. ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലെത്തുന്നത്. എന്ത് ചെയ്യണം, ആരോട് പറയണമെന്ന് അറിയില്ലായിരുന്നു', മാളവ്യ പറഞ്ഞു.

ഓട്ടോയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കഴിഞ്ഞ നാല് ദിവസമായി കസ്റ്റഡിയിലാണ്. അതേസമയം ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയോ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യണമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയെ സഹായിക്കാതിരുന്നവർക്കെതിരെ നിയമനടപടിയുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ക്രൂരബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടി തെരുവിലൂടെ സഹായം അഭ്യർത്ഥിച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരും സഹായിച്ചില്ലെന്ന് മാത്രമല്ല കുട്ടിയെ ചിലർ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
അതേസമയം പെൺകുട്ടിയെ ആട്ടിപ്പായിച്ച ആളുടെ കുടുംബം ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സഹോദരൻ ഉറക്കമുണർന്ന് വന്നപ്പോഴാണ് പെൺകുട്ടിയെ കണ്ടതെന്നും അതുകൊണ്ടാണ് ആദ്യം അത്തരത്തിൽ പ്രതികരിച്ചതെന്നുമാണ് സഹോദരൻ പറഞ്ഞത്. വീട്ടിലുള്ള സ്ത്രീകളെ ഇക്കാര്യം അറിയിക്കാൻ പോയി തിരിച്ചെത്തിയപ്പോഴേക്കും പെൺകുട്ടി പോയിട്ടുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
ആരും സഹായിക്കാതിരുന്നതോടെ അലഞ്ഞ് തിരിഞ്ഞ് പെൺകുട്ടി ഒരു ആശ്രമത്തിൽ എത്തുകയായിരുന്നു. ഇവിടുത്തെ പുരോഹിതൻ പെൺകുട്ടിയെ കണ്ടതോടെ വസ്ത്രം നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയിലാണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. അതേസമയം പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം പെൺകുട്ടിയുടെ കുടംബം കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിൽ പോയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ പെൺകുട്ടി സ്വയം വീട്ടിൽ നിന്നും ഇറങ്ങിപോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications