'ഇതെന്റെ കടപ്പാട്..'; ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചത് താനെന്ന് ഷിന്‍ഡെ
മുംബൈ: ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ടത്. ഏക്‌നാഥ് ഷിന്‍ഡെയോട് മന്ത്രിസഭയില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചു എന്നും അദ്ദേഹം അതിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഇന്ന് രാവിലെ ബിജെപി നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് നേതാവായി ഫഡ്‌നാവിസിനെ തിരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ തമ്മിലുള്ള ഒരു സാങ്കേതിക കരാര്‍ മാത്രമാണ് എന്നും എല്ലാ തീരുമാനങ്ങളും തങ്ങള്‍ ഒരുമിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനാണ് ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചത് എന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

'രണ്ടര വര്‍ഷം മുമ്പ്, മുഖ്യമന്ത്രിയാകാന്‍ ഫഡ്നാവിസ് എന്റെ പേര് ശുപാര്‍ശ ചെയ്തു. ഇത്തവണ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന്റെ പേര് ഞങ്ങള്‍ ശുപാര്‍ശ ചെയ്തു,' പ്രഖ്യാപനത്തിന് ശേഷം സത്താരയിലെ തന്റെ ഗ്രാമത്തിലേക്ക് പോയ ഷിന്‍ഡെ പറഞ്ഞു. രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്.
132 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയായിരുന്നെങ്കിലും ഷിന്‍ഡെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളാണ് മഹായുതിയെ വിജയത്തിലേക്ക് നയിച്ചതെന്ന് ശിവസേന അവകാശപ്പെട്ടതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ ഷിന്‍ഡെ കൂട്ടാക്കാതിരുന്നത് അനിശ്ചിതത്വങ്ങള്‍ക്കിടയാക്കുകയായിരുന്നു.
ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ബിഹാര്‍ മോഡല്‍ മഹാരാഷ്ട്രയിലും വേണം എന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ ഇത് സംബന്ധിച്ച പരസ്യ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. മാത്രമല്ല ബിജെപി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ഷിന്‍ഡെ പറഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ശ്രമം തുടര്‍ന്നു.
എന്നാല്‍ ബിജെപിയ്ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണവും എന്‍സിപിയുടെ പിന്തുണയും കാരണം അറ്റകൈ പ്രയോഗത്തിന് ശിവസേനയ്ക്ക് സാധിക്കുമായിരുന്നില്ല. ഇതാണ് സമവായത്തിലെത്താന്‍ കാരണമായത്. അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നാളെ വൈകീട്ട് 5 ന് ആസാദ് മൈതാനിയില്‍ ആണ് സത്യപ്രതിജ്ഞ.
നിയമസഭയിലെ 288-ല്‍ 230 സീറ്റുകളും നേടിയ മഹായുതി തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. ബിജെപി 132 സീറ്റും ശിവസേന 57 സീറ്റും എന്‍സിപി 41 സീറ്റും നേടി. അതേസമയം മഹാ വികാസ് അഘാഡി വെറും 46 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ശിവസേന (യുബിടി) 20 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും എന്‍സിപി (എസ്പി) 10 സീറ്റിലും ജയിച്ചു.












Click it and Unblock the Notifications