സഞ്ജുവിനായി ഗംഭീറിന്റെ വാശി, നടക്കില്ലെന്ന് രോഹിത്; സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സംഭവിച്ചത്
മുംബൈ: ഇന്നലെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം നടത്തിയ കരുണ്‍ നായരും ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എല്ലാവരേയും ഞെട്ടിച്ചിരുന്നു.
വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ഇടമുണ്ട്. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ഫെബ്രുവരി 19 മുതലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകുക.

അതേസമയം സഞ്ജു സാംസണിനെ ചൊല്ലി തിരഞ്ഞെടുപ്പ് യോഗത്തില്‍ വാക്കുതര്‍ക്കമുണ്ടായി എന്നാണ് വിവരം. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും റിഷഭ് പന്തിനൊപ്പമായിരുന്നു. ഇതിനെ ചൊല്ലി മൂവരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു എന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നത് സഞ്ജു സാംസണ് തിരിച്ചടിയായെന്നാണ് പറയപ്പെടുന്നത്. 16 ഏകദിനങ്ങളില്‍നിന്ന് 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി സഞ്ജു ഏകദിനം കളിച്ചത്. അന്ന് 108 റണ്‍സ് നേടി കളിയിലെ താരമാകുകയും ചെയ്തിരുന്നു.
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെ ചൊല്ലിയും ഗംഭീറും രോഹിതും അഗാര്‍ക്കറും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന് ഗംഭീര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രോഹിതും അഗാര്‍ക്കറും ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് നിര്‍ദേശിച്ചത്. രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് ടീം സ്‌ക്വാഡിനെ നിശ്ചയിച്ചത്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ജസ്പ്രീത് ബുംറയ്ക്ക് ഫിറ്റ്‌നസ് ലഭിക്കില്ലെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. മെഡിക്കല്‍ ടീമിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുന്നതിനാല്‍ പകരക്കാരനായി ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അന്തിമ ടീമിനെ ഫെബ്രുവരി 11 നകം ഐസിസിക്ക് സമര്‍പ്പിക്കണം. ഫെബ്രുവരി 6, 9, 12 തീയതികളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്നുണ്ട്.












Click it and Unblock the Notifications