ബിജെപി വീണ്ടും വന്നാല്‍ ജനങ്ങളുടെ വോട്ടവകാശം റദ്ദാക്കും; പാര്‍ലമെന്റ് ചൂണ്ടിക്കാട്ടി അഖിലേഷ്
ന്യൂഡല്‍ഹി: ബിജെപിയെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് എന്തുവില കൊടുത്തും തടയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ വോട്ടവകാശം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ പ്രതികരണം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുകയാണ് ബിജെപി ചെയ്തത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കണം എന്നവര്‍ക്കില്ല. അതുകൊണ്ടുതന്നെ ഇനിയും ബിജെപി അധികാരത്തിലെത്തുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അഖിലേഷ് പറഞ്ഞു.

പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുകയായിരുന്നു. 100 അംഗങ്ങളെ ലോക്‌സഭയില്‍ നിന്നും 46 അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
2001ല്‍ പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13നാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ലോക്‌സഭയുടെ ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ സഭാ തളത്തിലേക്ക് ചാടുകയായിരുന്നു. ബിജെപി എംപിയില്‍ നിന്ന് പാസ് നേടിയാണ് ഇരുവരും പാര്‍ലമെന്റില്‍ കടന്നത്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി എന്നിവരായിരുന്നു സഭയിലേക്ക് ചാടിയെത്തിയത്.
മഞ്ഞ പുക പരത്തി ഇരുവരും തൊഴില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സാഹചര്യം സംബന്ധിച്ച് വിശദീകരണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നത്.
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യ സഖ്യം രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിച്ച് വരികയാണ്. സീറ്റ് വിഭജന ചര്‍ച്ചയിലാണ് ഇന്ത്യ സഖ്യം. എന്നാല്‍ എങ്ങനെ സുഗമമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന ചോദ്യവും ബാക്കിയാണ്. സീറ്റിന്റെ കാര്യത്തില്‍ സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.












Click it and Unblock the Notifications