തെലങ്കാനയില്‍ ബിജെപി വിജയിച്ചാല്‍ മുഖ്യമന്ത്രി പിന്നോക്ക വിഭാഗക്കാരന്‍; പ്രഖ്യാപനവുമായി അമിത് ഷാ
ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി അമിത് ഷാ. ഒബിസി വിഭാഗത്തില്‍ നിന്നോ, പിന്നോക്ക വിഭാഗത്തില്‍ നിന്നോ ഉള്ള ആളായിരിക്കും ബിജെപി വിജയിച്ചാല്‍ മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. പിന്നോക്ക വോട്ടുകള്‍ ലഭിച്ചാല്‍ സംസ്ഥാനത്ത് വിജയിക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. സൂര്യപേട്ട് മേഖലയില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു അമിത് ഷാ.
തെലങ്കാനയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഇവിടെ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങളെ സഹായിക്കണമെന്നാണ്. തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രി പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ഇക്കാര്യം ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞതാണെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഒരിക്കലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളല്ല. ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും, ദളിതുകള്‍ക്ക് മൂന്നേക്കര്‍ ഭൂമി നല്‍കുമെന്നെല്ലാം അദ്ദേഹം പറഞ്ഞെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.

കെസിആറിന് മകന്‍ കെടി രാമ റാവുവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് അതുപോലെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ യഥാര്‍ത്ഥ വികസനം സാധ്യമാകും. കെസിആര്‍ കുടുംബത്തിന്റെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
സാമ്പത്തിക സ്ഥിതിയില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. അവരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ കെസിആറിന്റെയും, പാര്‍ട്ടിയും, കോണ്‍ഗ്രസും സ്വന്തം കുടുംബത്തിന്റെ ക്ഷേമമാണ് ശ്രദ്ധിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളും ഒരിക്കലും തെലങ്കാനയിലെ വികസനത്തിലേക്ക് നയിക്കില്ല. ബിജെപിക്ക് മാത്രമേ അതിന് സാധിക്കൂ. ജനങ്ങള്‍ ഇക്കാര്യം ഓര്‍ക്കണം.
ദരിദ്രര്‍ക്കെതിരാണ് ബിആര്‍എസ്. ദളിത് വിരുദ്ധരും, ഒബിസി വിരുദ്ധരുമാണ് അവര്‍. ദളിത് മുഖ്യമന്ത്രി തെലങ്കാനയ്ക്ക് ലഭിക്കുമെന്നായിരുന്നു കെസിആര്‍ മുമ്പ് പറഞ്ഞത്. എന്നാല്‍ ആ വാഗ്ദാനം നടന്നുവോയെന്നും അമിത് ഷാ ചോദിച്ചു. 2014ല്‍ കെസിആര്‍ മുന്നേക്കര്‍ ഭൂമി ദളിതര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആ പ്രഖ്യാപനം നടപ്പിലാക്കിയിട്ടില്ല.
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 5000 കോടി ബജറ്റ് നീക്കിവെക്കുമെന്ന് കെസിആര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം തെലങ്കാനയില്‍ നവംബര്‍ മുപ്പതിനാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications