ബിജെപി 400 സീറ്റില്‍ ജയിക്കും... ഇക്കാര്യം പരിഹരിച്ചില്ലെങ്കില്‍; ചര്‍ച്ചയായി സാം പിട്രോഡയുടെ വാക്കുകള്‍
ന്യൂഡല്‍ഹി: സാങ്കേതിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ സാം പിട്രോഡയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിച്ചില്ലെങ്കില്‍ ബിജെപി 400 സീറ്റില്‍ ജയിക്കുമെന്നും പിട്രോഡ പറയുന്നു.
ഇവിഎം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് കൂടുതല്‍ സുതാര്യമാക്കണം എന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ നാളായി ആവശ്യപ്പെടുന്നു. അടുത്തിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മികച്ച വിജയം നേടിയപ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണ്.

നിലവിലുള്ള സംവിധാനത്തില്‍ ചില പരിഷ്‌കാരങ്ങളാണ് പിട്രോഡ ആവശ്യപ്പെടുന്നത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മഥന്‍ ലോകൂര്‍ നേതൃത്വം നല്‍കുന്ന എന്‍ജിഒ വിവിപാറ്റ് സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന് പിട്രോഡ ഓര്‍മിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് തുറന്നുപറയുന്നതെന്നും പിട്രോഡ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടും. വോട്ടിങ് മെഷീനിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബിജെപി 400 സീറ്റ് നേടി അധികാരത്തിലെത്തും. പരിഹരിച്ചാല്‍ 400 സീറ്റ് കിട്ടിയേക്കില്ലെന്നും പിട്രോഡ പറഞ്ഞു. 2019ല്‍ 350 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചത്. ഇത്തവണ 400ലധികം സീറ്റ് നേടുമെന്ന് ബിജെപി നേതാക്കള്‍ പറയവെയാണ് പിട്രോഡയുടെ പ്രതികരണം.
വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയാണ് ചെയ്തിട്ടുള്ളത്. എല്ലായിടത്തും വിവിപാറ്റ് സംവിധാനം നടപ്പാക്കണം എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാത്രമല്ല, വോട്ട് ചെയ്താല്‍ ലഭിക്കുന്ന സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നിലവില്‍ ഈ സ്ലിപ്പ് ഒരു ബോക്‌സില്‍ വീഴുന്ന രീതിയിലാണ് ക്രമീകരണം.
രാമക്ഷേത്രം സംബന്ധിച്ച കാര്യത്തിലും സാം പിട്രോഡ പ്രതികരിച്ചു. മതപരമായ കാര്യങ്ങള്‍ ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. അത് ജനങ്ങള്‍ക്ക് വിട്ടേക്കുക. നിങ്ങള്‍ ആഘോഷിക്കുന്നത് ജനങ്ങളും ആഘോഷിക്കണം എന്ന് പറയാന്‍ സാധിക്കില്ല. മതപരമായ ആഘോഷങ്ങള്‍ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും സാം പിട്രോഡ പറഞ്ഞു.












Click it and Unblock the Notifications