'ഞാൻ വീണ്ടും എംഎൽഎയായാൽ മുസ്ലീങ്ങൾ തിലകം തൊടും'; ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രസംഗം
ദില്ലി; തന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ബി ജെ പി എം എൽ എ രാഘവേന്ദ്ര സിംഗ്. മുസ്ലീങ്ങൾക്കെതിരായ രാഘവേന്ദ്രയുടെ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ തൊപ്പിക്ക് പകരം മുസ്ലീങ്ങൾ തിലകം ചാർത്തും എന്നായിരുന്നു രാഘവേന്ദ്രയുടെ പരാമർശം. എന്നാൽ ഇസ്‌ലാമിക ഭീകരത ചെറുക്കാനുള്ള പ്രസംഗം ആണ് താൻ ഉദ്ദേശിച്ചതെന്നാണ് ഇപ്പോൾ എം എൽ എയുടെ വിശദീകരണം. കിഴക്കന്‍ യു പിയിലെ ഡൊമാരിയഗഞ്ചില്‍ നിന്നുള്ള എം എല്‍ എയാണ് രാഘവേന്ദ്ര സിംഗ്.

ഞാൻ വീണ്ടും എം എൽ എ ആയാൽ തൊപ്പി ഇല്ലാതാക്കിയ പോലെ അടുത്ത തവണ മുസ്ലീങ്ങൾ തിലകം ചാർത്തും എന്നായിരുന്നു എം എൽ എയുടെ പ്രസംഗം. മണ്ഡലമായ ദുമരിയാഗനിൽ പ്രസംഗിക്കവേയായിരുന്നു പരാമർശം. മുസ്‌ലിംകളെ അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ നഗരം സുരക്ഷിതമായിരിക്കുകയാണെന്നും രാഘവേന്ദ്ര പറഞ്ഞിരുന്നു. ഗുണ്ടകളില്ല, കുപ്രസിദ്ധ കുറ്റവാളികളെ ഇനി തെരുവിൽ കാണാനില്ല, ഞങ്ങൾ അധികാരത്തിൽ വന്നതിന് ശേഷം പല സ്ഥലങ്ങളുടെ പേരുകൾ മാറ്റി,സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി തെരുവിൽ ഇറങ്ങാൻ ഇപ്പോൾ സാധിക്കുന്നു. നമ്മുടെ ഒരു സ്ത്രീകളെ പോലും നോക്കാനുള്ള ധൈര്യം അവർക്ക് ഇപ്പോൾ ഇല്ല, എന്നും രാഘവേന്ദ്ര പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം ഇവിടെ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ, ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നുവെന്നും ഹിന്ദു അഭിമാനം കാത്തു സൂക്ഷിക്കാൻ എന്തും ത്യജിക്കാൻ താൻ തയ്യാറാണെന്നുമായിരുന്നു രാഘവേന്ദ്രയുടെ വിശദീകരണം. മുസ്ലീങ്ങൾ എന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, ഇതിനോട് താൻ പ്രതികരിക്കാതിരിക്കില്ലെന്നും രാഘവേന്ദ്ര പറഞ്ഞു.
Recommended Video
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുടെ ചുമതലയുള്ള നേതാവാണ് രാഘവേന്ദ്ര. 2017 ല്‍ ഡൊമാരിയഗഞ്ച് സീറ്റില്‍ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിംഗ് വിജയിച്ചത്. അതേസമയം പ്രസംഗത്തിൽ എം എൽ എയ്ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. യു പി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡൊമരിയഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി അഞ്ച് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി യുപിയിൽ വിജയിച്ചത്.












Click it and Unblock the Notifications