'ഞാൻ മുഖ്യമന്ത്രി ആയാൽ..';കർണാടക കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് തിരികൊളുത്തി സിദ്ധരാമയ്യ..തർക്കം
ബെംഗളൂരു; അടുത്ത വർഷമാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.
എന്നാൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോൺഗ്രസിന് തലവേദന തീർക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കം. മുൻ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. തർക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന് സിദ്ധരമായ്യയും ഡികെ ശിവകുമാറും നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ സിദ്ധരാമയ്യയുടെ പുതിയ പ്രസംഗമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തർക്കത്തിന് വഴി തുറന്നിരിക്കുന്നത്.
'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്

ബുധനാഴ്ച നടന്ന ദളിത് സംഘർഷ സമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം. താൻ അടുത്ത മുഖ്യമന്ത്രിയായാൽ ദളിതരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്നായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. കോൺഗ്രസ് ഇക്കുറി അധികാരത്തിലേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരമായ്യയുടെ അനുയായി ആയ ചമ്‌രാജ്പേട്ട് എംഎൽഎ ബിസെഡ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.

അതിനിടെ സിദ്ധരമായ്യയുടെ കീഴിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കർണാടകയിൽ കോൺഗ്രസിന് എളുപ്പം അധികാരം നേടാനാകുമെന്ന് പ്രതികരിച്ച് കെ പി സി സി ജനറൽ സെക്രട്ടറിയും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായ മലവള്ളി ശിവണ്ണ രംഗത്തെത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസസമയം ഇത്തരം പ്രതികരണങ്ങളിൽ സിദ്ധരാമയ്യ ക്യാമ്പിനെതിരെ ഡികെ ശിവകുമാർ പക്ഷം രംഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങൾ പാർട്ടി വിരുദ്ധമാണെന്നായിരുന്നു കുനിഗൽ എം എൽ എയും ഡികെയുടെ അനുയായുമായ എച്ച്ഡി രംഗനാഥ് തുറന്നടിച്ചത്. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാക്പോര് കനത്തതോടെ ഇരു വിഭാഗത്തിനുമെതിരെ കടുത്ത വിമർശവുമായി കൗൺസിലിലെ മുതിർന്ന പ്രവർത്തകനും പ്രതിപക്ഷ നേതാവുമായ ബികെ ഹരിപ്രസാദ് രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും നേതാക്കൾ തങ്ങളുടെ അനുയായികളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സംസ്ഥാനതല ചിന്തൻ ശിവിറിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ കാര്യ സമിതി (പി എ സി) രൂപീകരിക്കാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുുണ്ടെന്ന് കെ പി സിസി ജനറൽ സെക്രട്ടറി എസ് ആർ മെഹ്‌റോസ് ഖാനും പ്രതികരിച്ചു.

അതേസമയം അടുത്ത തിരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്ന കാര്യത്തിൽ ബി ജെ പിയിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം ദേശീയ നേതൃത്വത്തിന് ഉണ്ടെന്നാണ് സൂചന. ബൊമ്മിക്ക് കീഴിൽ ഹിജാബ് അടക്കമുള്ള വിവാദങ്ങൾ പ്രതികൂലമായി ബാധിച്ചുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഗുജറാത്തിലേയും ത്രിപുരയിലേയും സമാനമായ രീതിയിൽ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ മുഖ്യമന്ത്രിയെ മാറ്റി നിർത്തില്ലെന്നും പകരം മന്ത്രിസഭ പുനഃസംഘടന നടത്തുമെന്നുമാണ് സംസ്ഥാന ബി ജെ പി നേതാക്കൾ പറയുന്നത്.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ