'ഞാൻ പിൻമാറില്ല, ഇതൊരു പോരാട്ടമാണ്, അവസാനം വരെ പോരാടും'; ശശി തരൂർ
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്നും നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ശശി തരൂർ. മത്സരത്തിൽ നിന്നും പിൻമാറില്ലെന്നും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും തരൂർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്നും താൻ പിൻവാങ്ങുമെന്നും നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്നുമൊക്കെയുള്ള ചില വാർത്തകൾ ദില്ലി കേന്ദ്രീകരിച്ചുള്ള ചില മാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടിരുന്നു.ഞാൻ ജീവിതത്തിൽ ഇതുവരേയും ഒരു പോരാട്ടത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ല.മാത്രമല്ല ഒളിച്ചോടാനും പോകുന്നില്ല.
ഇതൊരു പോരാട്ടമാണ്.അവസാനം വരെയുള്ള പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള സൗഹൃദപരമായ പോരാട്ടമാണിത് ഒക്ടോബർ 17 വരെ ഞാൻ ഇവിടെ നിങ്ങളോടൊപ്പമുണ്ടാകും. കോൺഗ്രസിന്റെ നല്ലതിനായി നിങ്ങൾ എനിക്ക് വേണ്ടി വോട്ട് ചെയ്യണം. നാളേയ്ക്കായി ചിന്തിക്കൂ, തരൂരിനെ ചിന്തിക്കൂ', തരൂർ ഫേസ്ബുക്കിൽ പറഞ്ഞു. 'ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ല', എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം തരൂരിന് സമൂഹമാധ്യമങ്ങളിൽ പിന്തുണ ഏറുന്നുണ്ട്. നിരവധി നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് കുറിപ്പ് പങ്കിട്ടു. ഏറ്റവും ഒടുവിലായി തമിഴ്നാട്ടിൽ നിന്നുള്ള യുവ നേതാവായ കാർത്തി ചിദംബരമാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.അദ്ദേഹത്തിന്റെ പ്രായോഗിക ആധുനികവാദവും പാർട്ടിക്കപ്പുറമുള്ള സ്വീകാര്യതയുമാണ് ബി ജെ പിയെന്ന ദുഷ്ട ശക്തിക്കെതിരെ പോരാടാൻ ഇപ്പോൾ ആവശ്യം, കാർത്തി ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ സ്ഥിതി പാർട്ടിയെ സഹായിക്കില്ല. പാർട്ടിയെ അടിമുടി പൊളിച്ചെഴുതുന്ന പരിഷ്കരണ ചിന്തകളാണ് ഇപ്പോൾ ആവശ്യമെന്നും കാർത്തി ട്വീറ്റിൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരുമാണ് നിലവിലെ സ്ഥാനാർത്ഥികൾ. ഹൈക്കമാന്റിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് പറയുമ്പോഴും പി സി സികൾ ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുകയാണ്. പ്രചരണത്തിനെത്തിയ ഗാർഖെയ്ക്ക് ഗുജറാത്ത്, മഹാരാഷ്ട്ര പി സി സികൾ വലിയ സ്വീകരണമായിരുന്നു നൽകിയത്. പാർട്ടി ഭാരവാഹികൾ സ്ഥാനാർത്ഥികൾക്ക് പരസ്യ പിന്തുണ നൽകാനോ അവർക്ക് വേണ്ടി പ്രചരണം നയിക്കാനോ പാടില്ലെന്ന് ഹൈക്കമാന്റ് നിർദ്ദേശം ഉള്ളിരിക്കെയാണ് നേതാക്കളുടെ നീക്കം. അതേസമയം പി പി സികൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ ഹൈകമാന്റിന് പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications