കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ടീമായി പ്രവര്‍ത്തിച്ചാല്‍ എല്ലാം നടക്കും: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
'നമ്മള്‍ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേര്‍ന്ന് ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല,' മോദി പറഞ്ഞു. വികസിത ഭാരതത്തിനായി വികസിത് രാജ്യം@204 എന്നതാണ് ഭരണസമിതി യോഗത്തിന്റെ പ്രമേയം. വികസിത ഭാരതം ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ് എന്നും ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ രാജ്യവും വികസിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് രാജ്യത്തെ 140 കോടി പൗരന്മാരുടെയും അഭിലാഷം എന്നും മോദി പറഞ്ഞു. നീതി ആയോഗിന്റെ പരമോന്നത സ്ഥാപനമായ കൗണ്‍സിലില്‍ എല്ലാ സംസ്ഥാനത്തേയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍.
'ഓരോ സംസ്ഥാനത്തെയും ഓരോ നഗരത്തെയും ഓരോ ഗ്രാമത്തേയും വികസിതമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ രീതിയില്‍ നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ വികസിത ഭാരതമാകാന്‍ 2047 വരെ കാത്തിരിക്കേണ്ടി വരില്ല,' മോദി പറഞ്ഞു. എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി, ആഗോള നിലവാരത്തിന് അനുസൃതമായി സംസ്ഥാനങ്ങള്‍ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ത്യ അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മോദി ഭാവിക്ക് അനുയോജ്യമായ നഗരങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. വളര്‍ച്ച, നവീകരണം, സുസ്ഥിരത എന്നിവ ഇന്ത്യയിലെ നഗരങ്ങളുടെ വികസനത്തിനുള്ള എഞ്ചിനായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ തൊഴില്‍ ശക്തിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ആദരവോടെ തൊഴില്‍ ശക്തിയില്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ നാം നിയമങ്ങളും നയങ്ങളും രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പ്രധാന കൂടിക്കാഴ്ചയാണിത്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നീതി ആയോഗിന്റെ പത്താമത് ഭരണ സമിതി യോഗമാണ് നടക്കുന്നത്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി എന്നിവര്‍ യോഗത്തിനെത്തിയില്ല. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് യോഗത്തിനെത്തിയത്.












Click it and Unblock the Notifications