കടലാസ് കമ്പനികള്‍ വെളുപ്പിച്ചത് 3900 കോടി; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി മോദി! പണി തുടങ്ങി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം രാജ്യത്ത് വെളുപ്പിച്ച കള്ളപ്പണം 3900 കോടി രൂപയോളം വരും. 550 പേരാണ് ഇത്രയും പണം വെളുപ്പിച്ചത്. അതിന് അവര്‍ ഉപയോഗിച്ച മാര്‍ഗം കടലാസ് കമ്പനികളായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ലക്ഷ്യം ഇത്തരം കമ്പനികളെ ഇല്ലാതാക്കലാണ്. അതിനുവേണ്ടി പ്രത്യേക ദൗത്യസേന തന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മോദി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരമാണ് ഇത്രയും പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയത്.

എന്താണ് കടലാസ് കമ്പനികള്‍

റവന്യൂ സെക്രട്ടറിയും കമ്പനികാര്യ സെക്രട്ടറിയുമായിരിക്കും ദൗത്യസേനയുടെ അധ്യക്ഷന്‍മാര്‍. നിലവില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും എന്നാല്‍ രേഖകളില്‍ ഉണ്ടാവുകയും ചെയ്യുന്നവയാണ് കടലാസ് കമ്പനികള്‍. സാധാരണ പ്രമുഖ കമ്പനികള്‍ തന്നെയാണ് ഇത്തരം കമ്പനികള്‍ രൂപീകരിക്കാറ്. കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമാണ് ഇവ ഉപയോഗിക്കുക.

പട്ടിക തയ്യാറാക്കി, പണിയും തുടങ്ങി

ഇത്തരം കടലാസ് കമ്പനികളെ കുറിച്ചുള്ള പട്ടിക തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കമ്പനികളുടെ ഡയറക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എന്നാല്‍ നിരവധി കമ്പനികള്‍ രേഖകളില്‍ കാണിച്ചിട്ടുള്ള ഡയറക്ടര്‍മാര്‍ നിലവിലില്ലെന്ന് ബോധ്യമായിട്ടുണ്ട്. കടലാസ് കമ്പനികള്‍ രൂപീകരിച്ച് നികുതി വെട്ടിപ്പ് നടത്തിയ 49 പേര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചു വരികയാണ്.

2015ല്‍ വിവരം ലഭിച്ചു

കള്ളപ്പണം പിടികൂടാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം കടലാസ് കമ്പനികളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് വിവരം നല്‍കിയിരുന്നു. കള്ളപ്പണം തടയണമെങ്കില്‍ ഇത്തരം കമ്പനികളെ ഇല്ലാതാക്കണമെന്നാണ് 2015ല്‍ ഈ അന്വേഷണ സംഘം നല്‍കിയ റിപോര്‍ട്ട്.

8 ലക്ഷം കമ്പനികള്‍ പ്രതികരിക്കുന്നില്ല

രാജ്യത്ത് 15 ലക്ഷത്തോളം രജിസ്റ്റര്‍ ചെയ്ത കമ്പനികളുണ്ട്. എന്നാല്‍ ആറ് ലക്ഷം കമ്പനികള്‍ മാത്രമേ വാര്‍ഷിക വരവ് ചെലവുകള്‍ കാണിക്കാറുള്ളൂ. മറ്റു കമ്പനികള്‍ വ്യാജമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരം കമ്പനികളാണ് സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രണ്ടുമാസത്തെ നിക്ഷേപം 1238 കോടി

എസ്എഫ്‌ഐഒ നടത്തിയ പഠനത്തിലും ഇക്കാര്യം ശരിവയ്ക്കുന്നു. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷമാണ് എസ്എഫ്‌ഐഒ കടലാസ് കമ്പനികളെ കുറിച്ച് പരിശോധിച്ചത്. നവംബറിലും ഡിസംബറിലും മാത്രം ഈ കമ്പനികളുടെ നിക്ഷേപം 1238 കോടി രൂപയാണ്.

പിന്നില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍

54 പ്രഫഷനലുകള്‍ ഉള്‍പ്പെടെ 550 പേരാണ് 3900 കോടി രൂപ വെളുപ്പിച്ചതെന്ന് എസ്എഫ്‌ഐഒ പറയുന്നു. പ്രഫഷനലുകളില്‍ കൂടുതലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്റ്‌സ് ഓഫ് ഇന്ത്യയുടെ നടപടിക്ക് വിധേയരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് വ്യാജ കമ്പനികളുണ്ടാക്കാന്‍ ശ്രമിച്ചവരില്‍ കൂടുതല്‍.

English summary
Over 550 people laundered nearly Rs. 3,900 crore through shell companies after the government banned high-denomination notes on November 8, the Serious Fraud Investigation Office (SFIO) told the Prime Minister's Office on Friday that decided to set up a task force to track action taken against deviant shell companies.
Please Wait while comments are loading...