ജോലി കൂലിപ്പണി.. ഇന്‍കം ടാക്‌സായി അടക്കേണ്ടത് 14 കോടി രൂപ..!!; ആദ്യം അമ്പരപ്പ്, പിന്നാലെ ആളെ കാണാനില്ല
പാട്‌ന: ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത വരുമാനം സമ്പാദിക്കുന്നവരുടെ വീട് റെയ്ഡ് നടത്തുന്നതും നികുതി അടക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ഒന്നും പുതിയ കാര്യമല്ല. എന്നാല്‍ ദിവസ വേതനക്കാരാനായ ഒരാള്‍ക്ക് 14 കോടി രൂപയുടെ റിട്ടേണ്‍ അടക്കാനുള്ള നോട്ടീസ് കൊടുത്താലാ..? അവിശ്വസനീയമായി തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ ഇത് യഥാര്‍ത്ഥമാണ്.
ബിഹാറിലെ റോഹ്താസ് ജില്ലയില്‍ താമസിക്കുന്ന ഒരു ദിവസ വേതനക്കാരനോട് ആണ് ആദായനികുതി വകുപ്പ് 14 കോടി രൂപ റിട്ടേണായി നല്‍കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഗഹാര്‍ ഗ്രാമത്തിലെ നിവാസിയായ മനോജ് യാദവിന്റെ വീട്ടില്‍ നേരിട്ടെത്തി ആണ് ആദായനികുതി ഇനത്തില്‍ 14 കോടി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്.

ശനിയാഴ്ചയാണ് ഇന്‍കം ടാക്‌സ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി മനോജ് യാദവിന് നോട്ടീസ് നല്‍കിയത്. മനോജ് യാദവിന്റെ ബാങ്ക് രേഖകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹം ആദായ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചതോടെ മനോജ് യാദവും കുടുംബവും ഞെട്ടി.

താന്‍ ദിവസക്കൂലിക്കാരനാണെന്നും തന്റെ മുഴുവന്‍ സ്വത്തുക്കളും ഒന്നിലധികം തവണ വിറ്റാല്‍ പോലും ഇത്രയും തുക നല്‍കാന്‍ കഴിയില്ല എന്നും മനോജ് യാദവ് ഉദ്യോഗസ്ഥരെ അറിയിച്ചു. മുമ്പ് ദല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളില്‍ യാദവ് ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് 2020 ലെ കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഈ ജോലി ഉപേക്ഷിച്ച് ബിഹാറിലെ വീട്ടിലേക്ക് മടങ്ങി.

സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന സമയത്ത് അവര്‍ തന്റെ ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ എടുത്തിരുന്നുവെന്ന് മനോജ് യാദവ് പറഞ്ഞു. ആദായ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും കമ്പനികള്‍ തന്റെ രേഖകള്‍ ദുരുപയോഗം ചെയ്തതായി മനോജ് യാദവ് ആരോപിച്ചു.

നോട്ടീസ് നല്‍കാന്‍ യാദവിന്റെ വീട്ടില്‍ എത്തിയ നികുതി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണ്ട് അമ്പരന്നു. അതേസമയം ഇന്‍കം ടാക്‌സ് ആസ്ഥാനത്ത് നിന്നാണ് നോട്ടീസ് അയച്ചതെന്ന് സസാറാം ആദായ നികുതി ഓഫീസര്‍ ( ഐ ടി ഒ ) സത്യഭൂഷന്‍ പ്രസാദ് പറഞ്ഞു. അതിനിടെ നോട്ടീസ് വന്നതിന് പിന്നാലെ മനോജ് യാദവും കുടുംബവും തിങ്കളാഴ്ച വൈകുന്നേരം വീട് പൂട്ടി അജ്ഞാതസ്ഥലത്തേക്ക് മാറിയതായി നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications