സൗഹൃദ ഫുട്‌ബോള്‍; പ്യൂട്ടോറിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
മുംബൈ: പുതിയ നായകന്റെ കീഴില്‍ പ്യൂട്ടോറിക്കയ്‌ക്കെതിരെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ എതിരാളികളെ തകര്‍ത്തത്. റാങ്കിങ്ങില്‍ 38 സ്ഥാനം മുന്നിലുള്ള ടീമായ പ്യൂട്ടോറിക്കയ്‌ക്കെതിരെ കളിയിലുടനീളം ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ആദ്യ പകുതിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇന്ത്യ ഇടവേളയ്ക്കുശേഷം ഒരു ഗോള്‍ കൂടി നേടി പട്ടിക തികയ്ക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ പ്യൂട്ടോറിക്കയാണ് ആദ്യം ലീഡെടുത്തതെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ഇന്ത്യയ്ക്കായി നാരായണ്‍ ദാസ് (18), സുനില്‍ ഛേത്രി (26), ജെ.ജെ.ലാല്‍പെഖുലെ (34), ജാക്കിചന്ദ് സിങ് (58) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ പ്യൂര്‍ട്ടോ റിക്കോയുടെഗോള്‍ എമ്മാനുവല്‍ സാഞ്ചസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

ഇരുപത്തിനാലുകാരനായ പുതിയ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ്ങിന്റെ കീഴില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങിയ ഇന്ത്യ താരതമ്യേന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നോര്‍വെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ സ്റ്റാബെക് എഫ്‌സിയുടെ ഗോളിയായ ഗുര്‍പ്രീത് സിങ് ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
1955ന് ശേഷം മുംബൈ ആദ്യമായി ആതിഥ്യം വഹിച്ച രാജ്യാന്തര മത്സരം കൂടിയാണിത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ കളികാണാനെത്തിയിരുന്നു.












Click it and Unblock the Notifications