ചരിത്രമാകാന്‍ ഇന്ത്യാ മുന്നണിയുടെ മെഗാറാലി, രാഹുലും യെച്ചൂരിയും പവാറുമടക്കമുള്ളവര്‍ രാംലീല മൈതാനിയിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ രാംലീല മൈതാനിയില്‍ മെഗാ റാലിയുമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. മെഗാ റാലിയിലേക്ക് ഇന്ത്യാ ബ്ലോക്കിലെ മുന്‍നിര നേതാക്കളെല്ലാം അല്‍പസമയത്തിനകം എത്തും. വന്‍ജനാവലിയാണ് ഇതിനോടകം രാംലീല മൈതാനിയില്‍ എത്തിയിരിക്കുന്നത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് റാലി.
അതേസമയം 'ലോക്തന്ത്ര ബച്ചാവോ റാലി'യുടെ ലക്ഷ്യം ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണെന്നും ഏതെങ്കിലും ഒരു നേതാവല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. 'റാലി വ്യക്തി കേന്ദ്രീകൃതമല്ല. ഇത് ഒരാളെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണിത്.

ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ റാലിയല്ല. 28-ലധികം പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഇതില്‍ പങ്കാളികളാണ്. തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളില്‍ ഞങ്ങളുടെ സീറ്റ് വിഭജന ഫോര്‍മുല ഫലവത്തായില്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും,' കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് മേധാവി കൂടിയായ ജയറാം രമേശ് പറഞ്ഞു.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ധ്രുവീകരണം എന്നിവയായിരിക്കും റാലിയുടെ അജണ്ടയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഹേമന്ത് സോറന്‍ ജിയെ നമ്മള്‍ മറക്കരുത്. ഭാരത് ജോഡോ ന്യായ് യാത്ര ജാര്‍ഖണ്ഡിലേക്ക് കടക്കാനിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കെജ്രിവാളിന്റെ അറസ്റ്റിനെതിരെയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനുമാണ് റാലിയെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു
ഡല്‍ഹിയിലെ സ്വേച്ഛാധിപത്യം മുഖ്യമന്ത്രി അറസ്റ്റിലാകുന്ന അവസ്ഥയിലേക്ക് വളര്‍ന്നുവെന്നും ആശങ്ക പ്രകടിപ്പിക്കാന്‍ എല്ലാവരും മെഗാ റാലിയില്‍ ഒത്തുകൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്‍, ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന, എന്‍സിപി (ശരദ്പവാര്‍) തലവന്‍ ശരദ് പവാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.
കൂടാതെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെയുടെ തിരുച്ചി ശിവ, ടിഎംസിയുടെ ഡെറക് ഒബ്രിയാന്‍ എന്നിവരും രാംലീലയിലെ മെഗാറാലിയുടെ ഭാഗമാകും.
ഈ മാസമാദ്യം ആര്‍ജെഡി പട്നയില്‍ ഒരു വലിയ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലെ റാലിയോടെയാണ് സമാപിച്ചത്. എന്നാല്‍ ഈ രണ്ട് പരിപാടികളിലും ഏതാനും ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. അതേസമയം ഇന്നത്തെ മെഗാറാലിയില്‍ ഏറെക്കുറെ എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും അണിനിരക്കും.












Click it and Unblock the Notifications