ഇന്ത്യ-കാനഡ പോര് കനക്കുന്നു; ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ, അടിക്ക് തിരിച്ചടി
ന്യൂഡൽഹി: കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി കൊണ്ട് വന്ന നിജ്ജാർ വധക്കേസിലെ അന്വേഷണ റിപ്പോർട്ടിൽ പോര് മുറുകുന്നു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതിന് പിന്നാലെ ഡൽഹിയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കൊണ്ട് കാനഡയ്ക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ.
ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയിരിക്കുന്നത്. നേരത്തെ ഇന്ത്യ ഹൈക്കമ്മീഷണറെ തിരിച്ച് വിളിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ആറ് ഉന്നത ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെയുള്ളവരെയായിരുന്നു കാനഡ പുറത്താക്കിയത്.

ഇതിന് തിരിച്ചടിയായാണ് ഇന്ത്യയിലെ കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരിക്കുന്നത്. ആക്‌ടിംഗ് ഹൈക്കമ്മീഷണർ സ്‌റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്‌റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്‌ക, പോള ഓർജുവേല എന്നിവരെയാണ് ഇന്ത്യ പകരം പുറത്താക്കിയിരിക്കുന്നത്.
ഇവരോട് അഞ്ച് ദിവസത്തിനകം, അതായത് ഒക്ടോബർ 19ന് മുൻപായി രാജ്യം വിടാനാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കാനഡയുടെ അന്വേഷണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഡൽഹിയിലെ കനേഡിയൻ സ്ഥാനപതിയായ ആക്‌ടിംഗ് ഹൈക്കമ്മീഷണർ സ്‌റ്റുവർട്ട് റോസ് വീലറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച് അതൃപ്‌തി അറിയിച്ചിരുന്നു.
കാനഡയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇന്ത്യക്കെതിരായ വിഘടനവാദ പ്രവർത്തനങ്ങളിൽ ട്രൂഡോ സർക്കാരിന്റെ പിന്തുണയിൽ നടപടി എടുക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്ന കാര്യവും വീലറിനെ അറിയിച്ചിരുന്നു.
എന്നാൽ ഇതിന് ശേഷമേ മാധ്യമങ്ങളെ കണ്ട വീലർ പക്ഷേ കാനഡയുടെ നിലപാടുകളെ പിന്തുണയ്ക്കുകയാണ് ചെയ്‌തത്. കനേഡിയൻ മണ്ണിൽ നടന്ന കനേഡിയൻ പൗരന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിലെ ഏജന്റുകളുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വീലർ പ്രതികരിച്ചത്.
2023 ജൂണിൽ നടന്ന ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഇന്ത്യ -കാനഡ നയതന്ത്ര ബന്ധം വഷളാവുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കാനഡ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിനെ തുടർന്ന് ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു. തുടർന്ന് ഇപ്പോഴാണ് വീണ്ടും കാനഡ സമാനമായ നിലപാടുമായി രംഗത്ത് വരുന്നത്.












Click it and Unblock the Notifications