വരൂ.. കശ്മീരിലെ തിരഞ്ഞെടുപ്പ് കാണൂ: ആദ്യമായി വിദേശകാര്യ പ്രതിനിധികളെ ക്ഷണിച്ച് ഇന്ത്യ
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിദേശ നയതന്ത്രജ്ഞരെ ക്ഷണിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്മീരിലെ സമാധാനപരമായ തെരഞ്ഞെടുപ്പിലും ആദ്യഘട്ടത്തില്‍ 61% പോളിംഗ് രേഖപ്പെടുത്തിയതിന്റേയും ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു ക്ഷണത്തിന് വിദേശകാര്യ മന്ത്രാലയം തയ്യാറായിരിക്കുന്നത്. പ്രധാനമായും അമേരിക്കൻ, യൂറോപ്യൻ, ആസിയാന്‍ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരുടെ സംഘത്തെയാണ് ഇന്ത്യ ക്ഷണിച്ചത്.
യുഎസ്, ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവയുൾപ്പെടെ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുത്ത എംബസികളിലെ 20 നയതന്ത്രജ്ഞർക്ക് വിദേശകാര്യ മന്ത്രാലയം ക്ഷണം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 16 നയതന്ത്രജ്ഞർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗർ തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്തംബർ 25 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അവർ കശ്മീരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്തംബർ 25 ന് തലസ്ഥാനമായ ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം ജില്ലകളിലെ മണ്ഡലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. സന്ദർശനത്തിനായി നയതന്ത്രജ്ഞരെ നാമനിർദ്ദേശം ചെയ്യാൻ വിദേശ കാര്യമന്ത്രാലയം ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്‌ച എംബസികളെ ബന്ധപ്പെട്ടിരുന്നു. വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബർ ഒന്നിന്, അതായത് മൂന്നാം ഘട്ടത്തിന് മുമ്പ് മറ്റൊരു സംഘം നയതന്ത്രജ്ഞർ കൂടി കശ്മീർ സന്ദർശിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള നീക്കത്തെത്തുടർന്ന് 2020ലായിരുന്നു സർക്കാർ അവസാനമായി ഇത്തരം സന്ദർശനങ്ങള്‍ നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുടെയും യൂറോപ്യൻ പാർലമെൻ്റ് അംഗങ്ങളുടെയും സംഘങ്ങളെ അന്ന് ജമ്മുവിലേക്ക് കൊണ്ടുവന്നു. 2019 ഓഗസ്റ്റ് 5 ന് ശേഷം സ്വീകരിച്ച സുരക്ഷാ നടപടികൾ, ഇൻ്റർനെറ്റ് നിയന്ത്രണം, താഴ്‌വരയിലെ നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരുടെ അറസ്റ്റുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുക എന്നിവയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
2023 മെയ് മാസത്തില്‍ നടന്ന ജി20 ടൂറിസം മീറ്റിലും സന്ദർശനത്തിനായി നയതന്ത്രജ്ഞരെ ശ്രീനഗറിലേക്ക് സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജർമ്മനിയിലെയും യുഎസിലെയും മുതിർന്ന നയതന്ത്രജ്ഞർ ശ്രീനഗറിലെത്തി നാഷണൽ കോൺഫറൻസ് (എൻസി) ഒമർ അബ്ദുള്ള, പീപ്പിൾസ് കോൺഫറൻസ് മേധാവി സജ്ജാദ് ലോൺ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാരെ കാണുകയും ചെയ്തിരുന്നു.
അതേസമയം, സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അഭ്യർത്ഥനയോടും വിവിധ രാജ്യങ്ങളിലെ എംബസികളെ എന്ത് അടിസ്ഥാനത്തിലാണ് ക്ഷണിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയില്ല.












Click it and Unblock the Notifications