കശ്മീര്‍ ചര്‍ച്ചയില്‍ ഇല്ല... അവശേഷിക്കുന്നത് പാക് അധിനിവേശ കശ്മീര്‍ മാത്രം; നയം വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷവും സൈനിക നടപടിയും നിര്‍ത്തലാക്കല്‍ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തിലുള്ള ചര്‍ച്ചകള്‍ വഴി മാത്രമായിരിക്കും നടത്തുക എന്ന് റിപ്പോര്‍ട്ട്. ഉന്നത കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുരാജ്യങ്ങളുടേയും സൈനിക നടപടി നിര്‍ത്തലാക്കല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയുടെ പങ്കാളിത്തം ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ കശ്മീര്‍ വിഷയങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ല എന്നും കശ്മീര്‍ വിഷയത്തില്‍ അവശേഷിക്കുന്നത് പാക് അധിനിവേശ ജമ്മു & കശ്മീര്‍ സംബന്ധിച്ച വിഷയം മാത്രമാണ് എന്നുമാണ് ഇന്ത്യയുടെ നിലപാട്.

'കശ്മീര്‍ വിഷയങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ തയ്യാറല്ല. കശ്മീരില്‍ അവശേഷിക്കുന്നത് പിഒകെ മാത്രമാണ്. സൈനിക നടപടി നിര്‍ത്തലാക്കുന്നതിനുള്ള ആശയവിനിമയത്തിന് ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകളാണ് നടക്കുക. ഇതില്‍ മൂന്നാം കക്ഷിയോ മൂന്നാം രാജ്യമോ ഉള്‍പ്പെടേണ്ടതില്ല. പാകിസ്ഥാന്‍ ഡിജിഎംഒ അല്ലാതെ മറ്റാരുമായും അല്ലെങ്കില്‍ ഏതെങ്കിലും കക്ഷിയുമായും ഇന്ത്യ ഇടപെടാന്‍ തയ്യാറാകില്ല,' വൃത്തങ്ങള്‍ പറഞ്ഞു.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മെയ് 7 ന് പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഇത് പാകിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിനും ഇന്ത്യന്‍ സായുധ സേനയുടെ പ്രതികാര നടപടിക്കും കാരണമായി.
അതിര്‍ത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളിലും ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. അതിനിടെ ഇന്നലെയാണ് വെടിനിര്‍ത്തലിനുള്ള ധാരണ രൂപപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേനയുമായി പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ബന്ധപ്പെട്ടതായും ഇരുപക്ഷവും കരയിലും കടലിലും ആകാശത്തിലുമുള്ള എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതായും പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു.
കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതിന് ശേഷവും ശ്രീനഗറില്‍ പാകിസ്ഥാന്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യ ഫലപ്രദമായി തടയുകയും ചെയ്തു. പിന്നാലെ പാകിസ്ഥാന്‍ ധാരണ ലംഘിച്ചതായി ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ച തിങ്കളാഴ്ചയും തുടരും.












Click it and Unblock the Notifications