തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി ധാരണ ആയിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി ഇന്ത്യ. തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിന്റെ നിലപാട് തള്ളുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പ്രസ്‌താവന.
വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ വിദേശകാര്യ പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ബർത്ത്‌വാൾ പറഞ്ഞു. ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തോട് ചോദ്യം ഉയർത്തിയിരുന്നു.

കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ കമ്മിറ്റിയെയാണ് വാണിജ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് ഉന്നയിക്കുന്ന ഈ വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് ട്രംപ് പറഞ്ഞതിൽ വാസ്‌തവമില്ലെന്ന പ്രചാരണം ശക്തമാവുന്നത്.
ഇന്ത്യ സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അതിലൂടെ ഉദാരവൽക്കരണം ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുമെന്നും ബർത്ത്‌വാൾ കമ്മിറ്റിയോട് അറിയിച്ചു. തീരുവ യുദ്ധം ഒരു ഒന്നിനും ഉപകരിക്കില്ലെന്നും, യുഎസ് ഉൾപ്പെടെ ആരെയും സഹായിക്കില്ലെന്നും, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കാനഡയും മെക്‌സിക്കോയും ചെയ്‌തതുപോലെ ഇന്ത്യയും തീരുവകൾക്കെതിരെ ശബ്‌ദമുയർത്താത്തത് എന്തുകൊണ്ടാണെന്ന് കമ്മിറ്റി അംഗങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളുമായി യുഎസിന് സുരക്ഷാ ആശങ്കകളും അതിർത്തി കുടിയേറ്റ പ്രശ്‌നങ്ങളും ഉള്ളതിനാൽ രണ്ടും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു വാണിജ്യ സെക്രട്ടറിയുടെ മറുപടി.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ ഏതൊരു വ്യവസായത്തെയും ഇന്ത്യ സംരക്ഷിക്കുമെന്ന് വാണിജ്യ സെക്രട്ടറി എടുത്തു പറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് എല്ലാത്തിനും അവരുടെ തീരുവകൾ കുറയ്ക്കാൻ കഴിയില്ലെന്നും ബർത്ത്‌വാൾ പറഞ്ഞു. ഉഭയകക്ഷി വ്യാപാര കരാറിലൂടെ മാത്രമേ തീരുവ വിഷയം പരിഹരിക്കൂവെന്നും വാണിജ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
'ഇന്ത്യ നമ്മിൽ നിന്ന് വൻതോതിലുള്ള തീരുവ ഈടാക്കുന്നു, ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയാത്തത്ര വലിയ തുകയാൻ അത്. നമ്മൾ വളരെ കുറച്ച് മാത്രമേ ബിസിനസ് നടത്തുന്നുള്ളൂ. എന്തായാലും അവർ സമ്മതിച്ചിട്ടുണ്ട്. അവർ ചെയ്‌ത കാര്യങ്ങൾ ഒടുവിൽ ആരോ അവരെ തുറന്നുകാട്ടുന്നതിനാൽ അവർ ഇപ്പോൾ അവരുടെ തീരുവ ഗണ്യമായി കുറയ്ക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ അവകാശവാദം തള്ളിക്കൊണ്ട് ഇന്ത്യ വരുന്നത്.












Click it and Unblock the Notifications